Kaumudi Plus

വിവേകാനന്ദ ശിലാസ്മാരക നിർമ്മാണത്തിന് അടിത്തറ പാകിയ പി. ലക്ഷ്മണൻ അന്തരിച്ചു

P. Lakshmanan, who laid the foundation stone for the construction of the Vivekananda monument, passes away

വിവേകാനന്ദ ശിലാസ്മാരക നിർമ്മാണത്തിന് അടിത്തറ പാകിയ പി. ലക്ഷ്മണൻ അന്തരിച്ചു
X

കന്യാകുമാരി: ഭാരതത്തിന്റെ അഭിമാന പ്രതീകമായ വിവേകാനന്ദ ശിലാസ്മാരകത്തിന്റെ നിർമാണത്തിന് അടിത്തറയിട്ട ചരിത്രപരമായ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ പി. ലക്ഷ്മണൻ (86) അന്തരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് വെള്ളയിൽ സ്വദേശിയായ അദ്ദേഹം ദീർഘകാലമായി കുടുംബസമേതം വിവേകാനന്ദ കേന്ദ്രത്തിൽ താമസിച്ചുവരികയായിരുന്നു.

അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പരേതയായ പുതിയാപ്പ – മേടപറമ്പത്ത് ദേവയാനി മകൾ വിജയകുമാരി (അധ്യാപിക) ആയിരുന്നു. നിലവിലെ ഭാര്യ: വെള്ളയിൽ കല്ലുവെച്ച പുരയിൽ കോമള. മകൻ: ജഗദീഷ് (ഹരിയാനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു).

1962-ൽ വിവേകാനന്ദപ്പാറ (ശ്രീപാദപ്പാറ) അന്യമതസ്ഥരുടെ കൈയേറ്റത്തിൽനിന്ന് മോചിപ്പിക്കാനുള്ള സാഹസിക ദൗത്യത്തിന് നേതൃത്വം നൽകിയ 15 അംഗ സംഘത്തിലെ പ്രധാന അംഗമായിരുന്നു പുളിക്കൽ ലക്ഷ്മണൻ. പാറയിലുണ്ടായിരുന്ന കുരിശ് നീക്കംചെയ്ത് വിവേകാനന്ദ സ്മാരക നിർമാണത്തിന് വഴിയൊരുക്കിയ ഈ നീക്കം ചരിത്രപ്രാധാന്യമുള്ളതായിരുന്നു.‘കന്യാകുമാരിയെ കന്യകാമേരിയാക്കാനുള്ള’ ആസൂത്രിത ശ്രമങ്ങളെ തടഞ്ഞത് കോഴിക്കോട് നിന്നെത്തിയ ഈ സംഘമാണെന്ന് ഇന്നും അനുസ്മരിക്കപ്പെടുന്നു. വിജയദശമി ദിനത്തിൽ തമിഴ്നാട് പ്രാന്ത പ്രചാരക് ദത്താജി ഡിഡോൾക്കറുടെ നിർദേശപ്രകാരം, അന്നത്തെ കോഴിക്കോട് വിഭാഗ് പ്രചാരക് പി. മാധവ് ജി, ജില്ലാ പ്രചാരക് വി.പി. ജനാർദ്ദനൻ എന്നിവരുടെ നേതൃത്വത്തിൽ കടലിനെയും തിരമാലകളെയും മറികടന്ന മത്സ്യത്തൊഴിലാളികളായ 15 സ്വയംസേവകരെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തു. പി. ലക്ഷ്മണനും എ.വി. ബാലനും നേതൃത്വം നൽകിയ സംഘം കന്യാകുമാരിയിലെത്തി സമുദ്രത്തിന്റെ സ്വഭാവം പഠിച്ച ശേഷം, 1962 ഒക്ടോബർ 8ന് വിജയദശമി ദിവസം ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി.പി. ലക്ഷ്മണനെ കൂടാതെ എൻ.പി. നാരായണൻ, കെ. അംബുജൻ, കെ.പി. ചന്ദ്രൻ, കെ. രാമൻ, കെ. കുട്ടിമോൻ, കൊയിലാണ്ടിയിൽനിന്നുള്ള എ.വി. ബാലൻ, പയ്യോളി സ്വദേശികളായ വി.പി. രാമൻ, വി.പി. അച്ചുതൻ, കെ.ശ്രീധരൻ, ടി.പി. ഗംഗാധരൻ, ബേപ്പൂർ സ്വദേശികളായ എം. ദാസൻ, എം. കൃഷ്ണൻ, കെ. വാസു, കരുവൻതുരുത്ത് ഉണ്ണി എന്നിവരായിരുന്നു ആ ചരിത്രപരമായ ദൗത്യത്തിലെ അംഗങ്ങൾ.

Tags:
Next Story
Share it