കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം: സിഎടി ഉത്തരവ്
Only IAS officers should be appointed to cadre posts, orders Central Administrative Tribunal

കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും കർശന നിർദേശവുമായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സിഎടി).
കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. ഐഎഎസ് തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു.ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഈ നിർണായക ഉത്തരവ്. 2014ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് സിവിൽ സർവീസ് ബോർഡിന്റെ അനുമതി നിർബന്ധമാണെന്നും ട്രിബ്യൂണൽ ഉത്തരവിട്ടു. ബി. അശോകിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ സിഎടി റദ്ദാക്കി.
എക്‌സൈസ് കമ്മീഷണർ, കില (KILA), ഐഎംജി (IMG) ഡയറക്ടർ തസ്തികകൾ ഐഎഎസ് കേഡർ പോസ്റ്റുകളാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂവെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. നിലവിലെ എക്‌സൈസ് കമ്മീഷണറായ എഡിജിപി എം ആർ അജിത് കുമാറിന് ഈ ഉത്തരവ് തിരിച്ചടിയാകും. ഐഎംജി ഡയറക്ടറായി നിയമിതനായ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ കാര്യത്തിലും കേഡർ നിയമലംഘനം ചൂണ്ടിക്കാട്ടി.
കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് അതീതമാണെന്നും ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ ഇടപെടലുകൾ തടയാനാണ് ഈ ഉത്തരവെന്നും സിഎടി വ്യക്തമാക്കി.

