കുതിച്ചുയര്‍ന്ന് എണ്ണവില; വീണ്ടും 100 ഡോളറിന് മുകളില്‍

ന്യൂഡൽഹി: യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചർച്ച നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളെ തുടർന്ന് 15 ശതമാനം ഇടിഞ്ഞ എണ്ണവില വീണ്ടും തിരിച്ചുകയറി. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി അമേരിക്ക ചർച്ച നടത്തുമെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ നിഷേധിച്ചതിന് പിന്നാലെയാണ് എണ്ണവില വീണ്ടും തിരിച്ചുകയറിയത്.ഇന്നലെയാണ് പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചർച്ച നടത്തുമെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചത്.
ഇതിന് പിന്നാലെ എണ്ണവില 15 ശതമാനം ഇടിഞ്ഞ് ബാരലിന് നൂറ് ഡോളറിൽ താഴെ എത്തിയിരുന്നു. എന്നാൽ ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളിയതോടെ എണ്ണ പ്രതിസന്ധിയിൽ അടുത്തൊന്നും അയവ് ഉണ്ടാവില്ലെന്ന ആശങ്കയാണ് വീണ്ടും എണ്ണവില ഉയരാൻ കാരണം. നിലവിൽ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളറിന് മുകളിലാണ്.ആഴ്ചകൾ നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് ആശ്വാസം പകർന്ന് ഇന്നലെയാണ് ഡോണൾഡ് ട്രംപ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്നും ഡോണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിന് പൂർണ്ണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചർച്ച ആരംഭിക്കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ചർച്ചകൾ ആരംഭിക്കുന്നതിനായി ഇറാനിയൻ വൈദ്യുത നിലയങ്ങൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഏതെങ്കിലും ആസൂത്രിത ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു.

