Kaumudi Plus

നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു

Noorul Islam University Chancellor Dr A.P Majid Khan passes away

നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു
X

തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവകലാശാലയുടെ ചാൻസലറും നൂറുൽ ഇസ്‌ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്ന ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു.

ഉച്ചയ്ക്ക് 2.38ന് നെയ്യാറ്റിൻകരയിലെ നിംസ് മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങൾ മൂലം ദീർഘകാലമായി ചികിത്സയിലായിരുന്നു.

കബറടക്കം നാളെ ഉച്ചയ്ക്ക് 4 മണിക്ക് നെയ്യാറ്റിൻകര ടൗൺ ജുമാഅത്ത് പള്ളിയിൽ നടക്കും.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഐടിഐ (അമരവിള എൻഐഐടിഐ) ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം രചിച്ച അദ്ദേഹം, കന്യാകുമാരി ജില്ലയിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാപകനുമാണ്. കേരളം രൂപീകരിച്ച സമയത്ത് സംസ്ഥാനത്തിന്റെ അളവെടുപ്പ്, തിട്ടപ്പെടുത്തൽ ജോലികളിൽ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തിരുന്നു.

കേരളത്തിന്റെ വൈദ്യുതീകരണ പ്രക്രിയയിൽ, പ്രത്യേകിച്ച് മലബാർ മേഖലകളിൽ, അദ്ദേഹവും സ്ഥാപനവും നിർണായക പങ്ക് വഹിച്ചു. 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇന്ത്യൻ സൈന്യത്തിലെയും വ്യോമസേനയിലെയും എഞ്ചിനീയർമാർക്കും സൈനികർക്കും സാങ്കേതിക പരിശീലനം നൽകുന്നതിൽ വലിയ സംഭാവന നൽകി.

നൂറുൽ ഇസ്‌ലാം എജ്യുക്കേഷണൽ ട്രസ്റ്റിന്റെ 50-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്ഥാപിച്ച നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആരോഗ്യ രംഗത്തെ പ്രധാന നേട്ടമായിരുന്നു.

നെയ്യാറ്റിൻകര വെള്ളംകുളം ബംഗ്ലാവിൽ അലിസൻ മുഹമ്മദിന്റെയും സൽമാബീവിയുടെയും മകനായിരുന്നു അദ്ദേഹം.

ഭാര്യ: സൈഫുന്നീസ. മക്കൾ: ശബ്നം ഷഫീക്ക് (നൂറുൽ ഇസ്‌ലാം എജ്യുക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ), എംഎസ് ഫൈസൽ ഖാൻ (നൂറുൽ ഇസ്‌ലാം സർവകലാശാല പ്രോ-ചാൻസലർ, നിംസ് മെഡിസിറ്റി എംഡി).

അദ്ദേഹത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക സേവന ജീവിതം കേരള-തമിഴ്നാട് പ്രദേശങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി.

Tags:
Next Story
Share it