Kaumudi Plus

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
X

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി ആയ നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.കേന്ദ്രമന്ത്രി ജെ പി നദ്ദ, ധനമന്ത്രി നിർമ്മല സീതാരാമൻ, പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജൻ സിങ്, കൃഷി, കർഷകക്ഷേമ സഹമന്ത്രി രാം നാഥ് താക്കൂർ, നിയമ-നീതി സഹമന്ത്രി അർജുൻ റാം മേഘ്വാൾ, ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ജെഡിയു നേതാവും പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമായ സഞ്ജയ് കുമാർ ഝാ, രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ്, ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി, ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്. ഹിന്ദിയിൽ ആയിരുന്നു നിതീഷ് കുമാർ സത്യപ്രതിജ്ഞ ചൊല്ലിയത്.

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതോടെ നിതീഷ് കുമാർ ഉടൻ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. രണ്ട് പതിറ്റാണ്ടായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നിതീഷ് കുമാറിന്റെ പുതിയ ചുവട് മാറ്റത്തോടെ ബിഹാറിൽ പുതിയ മുഖ്യമന്ത്രി ഉടൻ അധികാരമേൽക്കും. ഏപ്രിൽ 14 ന് ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ എൻഡിഎ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മാർച്ച് 30 ന് അദ്ദേഹം സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവച്ചിരുന്നു. മാർച്ച് 16 ന് ആണ് നിതീഷ് കുമാർ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

Next Story
Share it