Kaumudi Plus

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍
X

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർഎൽ നിതിൻരാജ് ആശുപത്രിക്കെട്ടിടത്തിൽനിന്നു ചാടിമരിച്ച സംഭവത്തിൽ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ. യുപി സ്വദേശികളായ മൂന്ന് പേരാണ് സൈബർ പൊലീസിന്റെ പിടിയിലായത്. ഇവരെ ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പിടികൂടിയതെന്ന് സൈബർ പൊലീസ് അറിയിച്ചു. പ്രതികൾ ആളുകളെ വിളിച്ചിരുന്നത് സിം ബോക്‌സുകളിലൂടെയാണെന്നും ഇവരിൽ നിന്ന് മുപ്പത് സിമ്മുകൾ പിടിച്ചെടുത്തതായും സൈബർ പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ്ന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ. മിഥുൻ്റെ നേതൃത്വത്തിൽ സി.പി.ഒമാരായ കെ സുനിൽ, നിജിൻ രാജ് എന്നിവരാണ് നോയിഡയിൽ വച്ച് പ്രതികളെ പിടികൂടിയത്.

വിദ്യാർഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. വിദ്യാർഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽ തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്ക് ചെയ്തിരുന്നു. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടർന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്ന് മനസ്സിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.വലിയ നഗരമായതിനാൽ പ്രതികളെ കണ്ടെത്തുന്നത് പ്രയാസകരമായെങ്കിലും കേരള പൊലീസിന്റെ മികവാർന്ന അന്വേഷണത്തിൽ പ്രതികൾ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്താൻ സാധിച്ചു. ഒരു ഐടി പാർക്കിന് സമാനമായാണ് അവിടെ 40 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി.

വിദ്യാർഥിയുടെ ആത്മഹത്യയിൽ 'ഇൻസ്റ്റ പേ ലോൺ' ആപ്പിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ബിഎൻഎസ് 308 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. 36% പലിശയ്ക്കാണു നിതിന് 15000 രൂപ വായ്പ നൽകിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. തുക തിരിച്ചു പിടിക്കുന്നതിനായി ലോൺ ആപ്പുകാർ ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പ്രതിസന്ധിയിലാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു.ലോൺ ആപ്പിൽ നിന്ന് അധ്യാപികയായ ലതയ്ക്ക് നിരന്തരം ഫോൺ കോളുകൾ വന്നിരുന്നു. തുടർന്ന് നിതിൻ രാജിനെ പ്രിൻസിപ്പൽ ചേംബറിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യയിൽ ലോൺ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബർ സെല്ലിന് പരാതി നൽകി. ഈ പരാതി സൈബർ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

അതേസമയം നിതിന്റെ മരണത്തിൽ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവർ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളജ് സസ്പെൻഡ് ചെയ്തിരുന്നു. റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. രക്ഷിതാക്കളുമായി മാനേജ്മെന്റ് പ്രതിനിധികൾ നടത്തിയ ചർച്ചയിലായിരുന്നു റാമിനെ പുറത്താക്കാൻ തീരുമാനിച്ചത്. പിടിഎ യോഗം വിളിക്കാനും യോഗത്തിൽ ധാരണയായി.

Next Story
Share it