നിപ കണ്‍ട്രോള്‍ റൂമില്‍ കയറ്റിയില്ല ;കുത്തിയിരുന്ന് പ്രതിഷേധവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ കൺട്രോൾ റൂമിൽ കയറ്റാത്തതിനെ തുടർന്ന് സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ പ്രതിഷേധം. മുൻകാലങ്ങളിൽ സമ്പർക്കപ്പട്ടികയിലുള്ളവരെ ആശ്വസിപ്പിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ എന്തുകൊണ്ട് സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ ഫോൺ വിളിച്ച് ആശ്വസിപ്പിക്കാൻ അനുവദിക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ച് കൺട്രോൾ റൂമിന് മുന്നിൽ കുത്തിയിരുന്നാണ് റിയാസ് പ്രതിഷേധിച്ചത്.
ഒടുവിൽ നിപ കൺട്രോൾ റൂമിൽ എംഎൽഎയെ പ്രവേശിപ്പിക്കാൻ അനുവദിച്ചെങ്കിലും സമ്പർക്കപ്പട്ടികയിലുള്ളവരെ ഫോൺ ചെയ്യാൻ അനുവദിച്ചില്ല.ഇന്ന് രാവിലെയാണ് സംഭവം. കണ്ടെയ്ൻമെന്റ് സോൺ രൂപീകരിക്കണമെന്നും സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ ഫോൺ വിളിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് റിയാസ് കോഴിക്കോട്ടെ നിപ കൺട്രോൾ റൂമിൽ എത്തിയത്.
എന്നാൽ നിപ കൺട്രോൾ റൂമിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നാണ് മുഹമ്മദ് റിയാസിന്റെ ആരോപണം. തുടർന്ന് നിപ കൺട്രോൾ റൂമിന് മുന്നിൽ മുഹമ്മദ് റിയാസ് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. നിപ കൺട്രോൾ റൂമിൽ കയറാൻ മുൻകാലങ്ങളിലും ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു.
'എനിക്ക് കേൾക്കണമല്ലോ. സമൂഹത്തിന്റെ ആവശ്യമല്ലേ. മറച്ചുവെയ്‌ക്കേണ്ട ആവശ്യം എന്താണ്? രോഗിയെ വിളിക്കണമെന്നല്ലല്ലോ പറയുന്നത്. അവിടെ കണ്ടെയ്ൻമെന്റ് സോണിലുള്ള ജനങ്ങളോട് അവിടത്തെ ജനപ്രതിനിധി സർക്കാർ സംവിധാനത്തിന്റെ ഭാഗമായി ഇരുന്ന് കൊണ്ട് നിങ്ങൾ ധൈര്യമായി ഇരിക്കണം. ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഉണ്ട് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? മുൻകാലങ്ങളിൽ ചെയ്തതല്ലേ.'- മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോഴിക്കോട് ജില്ലയുടെ ചുമതല മുഹമ്മദ് റിയാസിനായിരുന്നു.
പ്രതിഷേധത്തിന് ഒടുവിൽ നിപ കൺട്രോൾ റൂമിനകത്തയേക്ക് മുഹമ്മദ് റിയാസിനെ കയറ്റി. എന്നാൽ സമ്പർക്കപ്പട്ടികയിലുള്ളവരെ ഫോൺ ചെയ്യാൻ അനുവദിച്ചില്ല. അനുമതി നൽകാനാവില്ലെന്ന് ആരോഗ്യവകുപ്പ് എംഎൽഎയെ അറിയിച്ചു. അതിനിടെ ആരോഗ്യമന്ത്രി കെ മുരളീധരനെ മുഹമ്മദ് റിയാസ് ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ സമ്പർക്കപ്പട്ടികയിലുള്ളവരെ ഫോൺ ചെയ്യാൻ അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ മുഖേന ആരോഗ്യമന്ത്രി അറിയിച്ചതോടെ മുഹമ്മദ് റിയാസ് ഇറങ്ങിപ്പോയി.
മുൻ കാലങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സമ്പർക്കപ്പട്ടികയിലുള്ളവരെ വിളിക്കാനും ആശ്വസിപ്പിക്കാനും സാധിച്ചിരുന്നു. നിപ ബാധിത മേഖലയിൽ സമ്പർക്കപ്പട്ടികയിലുള്ളവർ കടുത്ത സമ്മർദ്ദത്തിലായിരിക്കും. അതുകൊണ്ട് അവർക്ക് ആശ്വാസം നൽകുക, സമാധാനിപ്പിക്കുക എന്നത് എല്ലാവരുടെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്നതാണ് റിയാസിന്റെ പ്രധാന ചോദ്യം. കഴിഞ്ഞ തവണ അനുവദിച്ചതാണ്. ഇപ്പോൾ അനുവദിക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് റിയാസ് മുഖ്യമായി ചോദിച്ചത്. തുടർന്ന് കലക്ടറുമായി സംസാരിച്ച ശേഷമാണ് മന്ത്രിയുമായി ഫോണിൽ സംസാരിച്ചത്.

