കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ വിഡിയോ പങ്കുവച്ച് നെതന്യാഹു

ജറുസലേം: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ വിഡിയോ പങ്കുവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു കഫേയിൽ നിന്ന് കോഫി ഓർഡർ ചെയ്യുകയും അത് കുടിക്കുകയും ചെയ്യുന്നതാണ് ഏറ്റവും പുതിയ വിഡിയോ. തന്റെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് നെതന്യാഹുവിന്റെ വിഡിയോ പങ്കുവച്ചിട്ടുള്ളത്.മാർച്ച് 13-ന് പുറത്തുവന്ന നെതന്യാഹുവിന്റെ ഒരു വീഡിയോ ആണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. നെതന്യാഹുവിന്റെ ഒരു കൈയിൽ ആറു വിരലുകളായിരുന്നു ആ വിഡിയോയിൽ ഉണ്ടായത്. വിഡിയോ എഐ നിർമിതമാണെന്ന നിലയിൽ ആണ് ചർച്ചകൾ പുരോഗമിച്ചത്. നെതന്യാഹു കൊല്ലപ്പെട്ടിരിക്കാം എന്നും സോഷ്യൽ മീഡിയ ചർച്ചകൾ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പുതിയ വിഡിയോ.വിരലുകൾ ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങൾ ഉയർത്തിയവരെ പരിഹസിക്കാനും പുതിയ വിഡിയോ തയ്യാറാകുന്നുണ്ട്. താൻ സുരക്ഷിതനാണെന്നും തന്റെ വിരലുകൾ യഥാർഥമാണെന്നും നെതന്യാഹു പറയുന്നു.
പുതിയ വീഡിയോയിൽ അദ്ദേഹം തന്റെ ഇരു കൈകളിലെയും വിരലുകൾ എണ്ണി കാണിക്കാനും നെതന്യാഹു മുതിരുന്നുണ്ട്. 'ഞാൻ മരിക്കും... കാപ്പിക്കു വേണ്ടി, ജനങ്ങൾക്കുവേണ്ടി ഞാൻ മരിക്കും' എന്നാണ് ഹിബ്രു ഭാഷയിലുള്ള വിഡിയോയിൽ നെതന്യാഹു പറയുന്നത്. രണ്ട് കൈകളും ഉയർത്തി ക്യാമറയിലേക്ക് വിരലുകൾ കാണിക്കുന്ന നെതന്യാഹൂ 'നിങ്ങൾക്ക് എന്റെ വിരലുകൾ എണ്ണണോ? കണ്ടോളു എന്നും പറയുന്നു. നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാദങ്ങൾ നേരത്തെ തന്നെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. പ്രചാരണങ്ങൾ വ്യാജവാർത്തയാണെന്നാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ തിരഞ്ഞുപിടിച്ച് കൊല്ലുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. 'കുട്ടികളെ കൊല്ലുന്ന ക്രിമിനലായ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കിൽ, അയാളെ പിന്തുടരുമെന്നും, എല്ലാ ശക്തിയും ഉപയോഗിച്ച് വകവരുത്തുകയും ചെയ്യും.' ഇറാന്റെ റവല്യൂഷണറി ഗാർഡ് വ്യക്തമാക്കി.

