മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം ; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം 17 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു . തൃശൂർ സ്വദേശി രാകേഷ് ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രാകേഷ് ഇന്നു പുലർച്ചെയാണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു.
വെടിക്കെട്ടു പുര സ്‌ഫോടനത്തിൽ രാകേഷിന് 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ രാകേഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ ചികിത്സയിലിരുന്ന ഒരാൾ മരിച്ചിരുന്നു. എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനാണ് ഇന്നലെ മരിച്ചത്. വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞദിവസം മരിച്ചു.ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ കാണാതായ നാലു പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് സൂചന. അപകട സ്ഥലത്തുനിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിൽ നാലു പേരേയും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.

