Kaumudi Plus

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്ക് മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ നാളെ ഗൃഹപ്രവേശം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്ക് മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ നാളെ ഗൃഹപ്രവേശം
X

കൽപ്പറ്റ:മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നാളെ നടക്കും .ആദ്യഘട്ടത്തിലെ 51 വീടുകളുടെ താക്കോൽ ഫെബ്രുവരി 28-ന് കൈമാറിയിരുന്നെങ്കിലും കുടുംബങ്ങൾ ഇതുവരെ താമസം തുടങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് 51 കുടുംബങ്ങൾക്കായി ഒരേ ദിവസം ഗൃഹപ്രവേശം നടത്താൻ തീരുമാനിച്ചതെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു.മൂന്ന് കിടപ്പുമുറികളുള്ള, 1,050 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓരോ വീടും എല്ലാ ഫർണിച്ചറുകളും സജ്ജീകരിച്ച് താമസത്തിന് പൂർണ സജ്ജമാണ്. അന്നേദിവസം ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും പുനരധിവാസ ഉപസമിതി അംഗവുമായ ടി. മുഹമ്മദ് പറഞ്ഞു. 'അടുത്ത ബന്ധുക്കൾക്കും ക്ഷണിക്കപ്പെട്ടവർക്കും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളു' അദ്ദേഹം പറഞ്ഞു.പുനരധിവാസ പദ്ധതിയിലെ ആകെ 105 വീടുകളിൽ 51 വീടുകളുടെ താക്കോൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയിരുന്നു. എന്നാൽ പരീക്ഷകളും നിയമസഭാ തെരഞ്ഞെടുപ്പും കാരണം ഉദ്ഘാടനച്ചടങ്ങ് വൈകുകയായിരുന്നു.

ഓരോ വീടിനും മൂന്ന് കിടപ്പുമുറികൾ, രണ്ട് ബാത്ത്‌റൂമുകൾ, കിച്ചൻ, ഡൈനിംഗ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട് എന്നിവയുണ്ട്. ഇഷ്ടിക പാകിയ മുറ്റവും ഉണ്ട്. കുടിവെള്ളം, വൈദ്യുതി എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. മരങ്ങളും പൂച്ചെടികളും വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മേപ്പാടിയിൽ നിന്ന് അഞ്ച് കിലോമീറ്ററും മുട്ടിൽ ടൗണിൽ നിന്ന് നാല് കിലോമീറ്ററും അകലെയാണ് പുതിയ വീടുകൾ.

Next Story
Share it