Kaumudi Plus

മാസപ്പടിക്കേസ് ;വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും

മാസപ്പടിക്കേസ് ;വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും
X

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി ചോദിച്ചറിയും. വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു.വീണയെ ചോദ്യം ചെയ്യാൻ ഇ ഡി വിശദമായ ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ ഇഡി വ്യക്തത തേടും. സിഎംആർഎൽ ഉദ്യോഗസ്ഥർ മുൻപ് നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. സിഎംആർഎൽ- എക്‌സാലോജിക് കേസിൽ ഇതാദ്യമായാണ് ടി വീണയെ ഇഡി ചോദ്യം ചെയ്യുന്നത്.

നേരത്തേ വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭർത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകൾ ലഭിച്ചുവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. എസ്എഫ്‌ഐഒയുടെ കൈവശമുള്ള രേഖകൾ അടക്കം ഇഡിക്ക് ലഭിച്ചിട്ടുണ്ട്.2016-17 കാലത്ത് തുടങ്ങിയതാണ് എക്‌സാലോജികും- സിഎംആർഎല്ലുമായിട്ടുള്ള കത്തിടപാടുകളും കരാർ രേഖകളും ഇഡി സമാഹരിച്ചിട്ടുണ്ട്. 2016 ലാണ് വീണയും സിഎംആർഎല്ലും തമ്മിൽ കരാർ ഒപ്പിടുന്നത്. 2017 ൽ എക്‌സാലോജികും സിഎംആർഎല്ലും തമ്മിലും കരാറിൽ ഏർപ്പെടുന്നുണ്ട്. കൂടാതെ ശശിധരൻ കർത്തയുടെ കുടുംബത്തിന് ബന്ധമുള്ള എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും വീണ ലോൺ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇഡി ഉദ്യോഗസ്ഥർ ചോദിച്ചറിയും.മാസപ്പടി കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതിനു പിന്നാലെ ഇഡി ഡയറക്ടർ കൊച്ചിയിലെത്തി ഉന്നതതലയോഗം ചേർന്ന്, അന്വേഷണം ഊർജ്ജിതമായി മുന്നോട്ടു കൊണ്ടുപോകാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇന്നലെ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്ത, മകൻ ശരൺ എസ് കർത്ത,മകൾ ഷിബി കർത്ത എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

Next Story
Share it