ഗംഗ എക്‌സ്പ്രസ് വേ മോദി നാടിന് സമര്‍പ്പിച്ചു

ലഖ്‌നൗ: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് റോഡ്പദ്ധതികളിലൊന്നും ഉത്തർപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ എക്‌സ്പ്രസ് വേയുമായ ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. മീററ്റിനെ പ്രയാഗ് രാജുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ യാഥാർഥ്യമായതോടെ ആറന്നൂറ് കിലോമീറ്റർ പിന്നീടാനുള്ള യാത്രാ സമയം ആറ് മണിക്കൂറാകും. 594 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേയുടെ ചെലവ് 36,230 കോടി രൂപയാണ്.ഗംഗാ എക്‌സ്പ്രസ് വേ യാഥ്യാർഥമാകുന്നതോടെ യുപിയുടെ വികസനം അതിവേഗത്തിലാകുമെന്ന കാര്യത്തിൽ സംശയമില്ല. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്നു എക്‌സ്പ്രസ് വേ ആറ് വരിപ്പാതയാണ്. ഭാവിയിൽ എട്ടുവരിപ്പാതയാകുന്ന രീതിയിലാണ് ഡിസൈൻ. പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്. റെക്കോർഡ് വേഗത്തിലാണ് പദ്ധതിയുടെ നിർമാണം പൂർത്തിയായത്.12 ജില്ലകളിലൂടെ കടന്നുപോയി മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്നതാണ് ഈ എക്‌സ്പ്രസ് വേ. മീററ്റ്, ഹാപ്പൂർ, ബുലന്ദ്ഷഹർ, അംറോഹ, സംഭാൽ, ബദായൂൻ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.
വ്യവസായ മേഖലയിലെ വൻ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കൂകൂട്ടൽ. റോഡിനോട് ചേർന്ന് 12 സംയോജിത മാനുഫാക്ചറിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി ഏകദേശം 6,507 ഏക്കർ ഭൂമി ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഏകദേശം 47,000 കോടി രൂപയുടെ നിക്ഷേപത്തിനായി 987 നിർദ്ദേശങ്ങൾ ഇതിനകം ലഭിച്ചതായി അധികൃതർ അറിയിച്ചു.

