Kaumudi Plus

പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതൽ ഗുരുതരം ;ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതൽ ഗുരുതരം ;ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍
X

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളാകുന്നു .ഇറാന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്ക ആക്രമണം ശക്തമാക്കി . ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു.ബുധനാഴ്ച സിറിക്, മിനാബ് ഉൾപ്പെടെയുള്ള ഇറാന്റെ വിവിധ പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യം നേരിടുന്നതിനായി അധികൃതർ നടപടികൾ സ്വീകരിച്ചതോടെ പലയിടങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായി ഇറാനിയൻ മാധ്യമങ്ങളും പ്രാദേശിക വൃത്തങ്ങളും റിപ്പോർട്ട് ചെയ്തു. ഇറാൻ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കിൽ ഇറാന്റെ പ്രധാന താവളങ്ങളെ ലക്ഷ്യമിടാനും സൈനിക നടപടികൾ ശക്തമാക്കാനും അമേരിക്ക തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. ഇറാന്റെ അകാരണവും തുടർച്ചയായതുമായ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഈ നടപടിയെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

യുഎസ് ആക്രമണത്തിന് പിന്നാലെ, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായി ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാൻഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതിനെയും തടയുമെന്നും ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യമിടുമെന്നും കമാൻഡ് മുന്നറിയിപ്പ് നൽകി.ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ബുധനാഴ്ച പുലർച്ചെ യുഎസ് ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. മേഖലയിലെ വിവിധ രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം നടത്തിയതോടെ, യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പാഴാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സമാധാന ചർച്ചകൾ നീണ്ടുപോകുന്നതിന് ഇറാൻ വില നൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്ന ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഇറാന്റെ ആക്രമണം നേരിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. രണ്ട് മാസത്തെ വെടിനിർത്തൽ കരാർ ലംഘിച്ച്, ഈ ആഴ്ചയിൽ മൂന്നാം തവണയാണ് ഇരുപക്ഷവും തമ്മിൽ ആക്രമണ-പ്രത്യാക്രമണങ്ങൾ ഉണ്ടായത്. തിങ്കളാഴ്ച ഇസ്രയേലും ഇറാനും പരസ്പരം ആക്രമിച്ചിരുന്നു.

Next Story
Share it