പശ്ചിമേഷ്യൻ സംഘർഷം: പ്രവാസി മലയാളികൾക്കായി ഹെൽപ്പ് ഡെസ്കിലേക്ക് 541 കോളുകൾ; കറാച്ചിയിൽ മൂന്ന് മലയാളികൾ കുടുങ്ങി
Middle East Conflict: Keralam's helpline numbers beseiged by calls

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷ സാഹചര്യത്തിൽ പ്രവാസി മലയാളികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ തുറന്ന ഹെൽപ്പ് ഡെസ്കിലേക്ക് കോളുകളുടെ കനത്ത പ്രവാഹമാണ്.
ഞായറാഴ്ച വൈകുന്നേരം ആറ് മണി വരെ ആകെ 541 സഹായ അഭ്യർത്ഥനകളാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിൽ വിദേശത്തുനിന്ന് 188 പേരും ഇന്ത്യയ്ക്കുള്ളിൽനിന്ന് 353 പേരുമാണ് ബന്ധപ്പെട്ടത്.
വിദേശത്തുനിന്നുള്ള കോളുകളിൽ യുഎഇയിൽനിന്ന് 78, ഖത്തറിൽനിന്ന് 49, ബഹ്റൈനിൽനിന്ന് 39, കുവൈത്തിൽനിന്ന് 12, ഒമാനിൽനിന്ന് 5, സൗദി അറേബ്യയിൽനിന്ന് 3, യുകെയിൽനിന്ന് 2 എന്നിങ്ങനെയാണ് വിശദാംശങ്ങൾ. നോർക്ക വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ തൈക്കാട് നോർക്ക സെന്ററിൽ ചേർന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, അസർബൈജാനിലെ ബാക്കുവിൽനിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോകുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ മൂന്ന് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാർ പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. സംഘർഷം കാരണം വിമാനം പാതമാറ്റി കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ (എറണാകുളം കാലടി സ്വദേശിനി), മകൾ സ്മൃതി മേനോൻ (3 വയസ്സ്) എന്നിവരാണ് കുടുങ്ങിയ മലയാളികൾ. ലോകകേരള സഭാംഗത്തിലൂടെ നോർക്ക റൂട്ട്സിനെ ബന്ധപ്പെട്ടതിനെ തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കൊളംബോ വഴി തിരിച്ചെത്തിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണ്.ബഹ്റൈനിൽനിന്ന് മരുന്നടക്കമുള്ള അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച പ്രവാസികൾക്ക് ലോകകേരള സഭാംഗങ്ങളുടെ പിന്തുണയോടെ സഹായം ലഭ്യമാക്കി. പാസ്പോർട്ട് പോലുള്ള രേഖകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനുള്ള സഹായവും നൽകി. ബഹ്റൈനിൽ ഗവൺമെന്റ് ഷെൽട്ടറുകൾ ആരംഭിച്ച വിവരങ്ങൾ പ്രവാസികളിലേക്കെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. നോർക്ക പ്രതിനിധികളും ലോകകേരള സഭാംഗങ്ങളും ഉൾപ്പെടുന്ന പ്രത്യേക ഹെൽപ്പ് ഡെസ്ക് രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
യുഎഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് മലയാളി സംഘടനകളുടെയും ലോകകേരള സഭാംഗങ്ങളുടെയും മുഖേന അടിയന്തര സഹായങ്ങൾ ലഭ്യമാക്കി. കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, ലോകകേരള സഭാംഗങ്ങൾ, പ്രവാസി സംഘടനകൾ എന്നിവരുമായി ഏകോപനം തുടരുകയാണ്. സംഘർഷമുള്ള രാജ്യങ്ങളിലുള്ള പ്രവാസികൾ ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ പിന്തുടരണമെന്ന് നിർദേശമുണ്ട്.
അടിയന്തര സഹായത്തിന് നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്കിലേക്ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ, ഇന്ത്യയിൽനിന്ന്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടാതെ ന്യൂഡൽഹി കേരള ഹൗസിലെ 24 മണിക്കൂർ കൺട്രോൾ റൂമിലും ബന്ധപ്പെടാവുന്നതാണ്:
011-23747079, 011-23742320, +91-9310443880.

