Kaumudi Plus

നടിയെആക്രമിച്ച സംഭവത്തിലെ മെമ്മറി കാർഡ് ചോർച്ച കേസ് ;നിര്‍ണായക നടപടിയുമായി ഹൈക്കോടതി

നടിയെആക്രമിച്ച സംഭവത്തിലെ മെമ്മറി കാർഡ്  ചോർച്ച കേസ് ;നിര്‍ണായക നടപടിയുമായി ഹൈക്കോടതി
X

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ മെമ്മറി കാർഡ് ചോർന്നെന്ന ഹർജിയിൽ നിർണായക നടപടിയുമായി ഹൈക്കോടതി. മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ മുദ്ര വെച്ച കവറിൽ ഹൈക്കോടതിക്ക് നൽകാൻ നിർദേശം. ഇവ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാനാണ് വിചാരണ കോടതിക്ക് ജസ്റ്റിസ് സി എസ് ഡയസ് നിർദേശം നൽകി. ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിലാണ് നടപടി. നടിയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.ഹർജിയിൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. കേസിൽ ഒരു മാസത്തിനകം വിശദമായ മറുപടി സമർപ്പിക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. എൻക്വയറി റിപ്പോർട്ടും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിലെ മെമ്മറി കാർഡ് ഇപ്പോഴും വിചാരണക്കോടതിയായ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ്. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെയാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നത്.

അതിനാൽ ഇനിയെങ്കിലും മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്നും, അതിനായി ഹൈക്കോടതിയുടെ കസ്റ്റഡിയിലേക്ക് മാറ്റണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിയിലെ ആവശ്യം പരിഗണിച്ച ഹൈക്കോടതി, ഈ മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ അടിയന്തരമായി സീൽ ചെയ്ത കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാനാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്ക് നിർദേശം നൽകിയത്. ഇവ സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം നടത്തിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആയിരുന്ന ഹണി എം വർഗീസിന്റെ റിപ്പോർട്ട് നീതിയുക്തമല്ലെന്നും പക്ഷപാതപരമാണെന്നും, അത് റദ്ദാക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. പല സാക്ഷിമൊഴികളും തെറ്റായി വ്യാഖ്യാനിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കോടതി കസ്റ്റഡിയിലിക്കെ മെമ്മറി കാർഡ് പലപ്പോഴായി തുറന്നിട്ടുണ്ടെന്നും, അതിൽ അന്വേഷണം നടത്തിയിട്ടും ആർക്കെതിരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. ആരോപണ വിധേയർ നൽകിയ മൊഴി അന്വേഷണ റിപ്പോർട്ടിൽ അപ്പാടെ വിശ്വസിക്കുന്ന തരത്തിലുള്ളതാണ്.

ഈ റിപ്പോർട്ട് കോടതി നടപടികളിൽ അവിശ്വാസം ഉണ്ടാക്കുന്നുണ്ട്. അതിനാൽ കോടതിയുടെ റിപ്പോർട്ട് റദ്ദാക്കി പുതിയ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തണം. ഫോറൻസിക് വിദഗ്ധരെയും പുതിയ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സൈബർ വിദഗ്ധരും ഫോറൻസിക് വിദഗ്ധരും ഇല്ലാതെയാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. മെമ്മറി കാർഡ് ഇട്ടു പരിശോധിച്ച ഫോൺ കാണാതെ പോയെന്നാണ് എറണാകുളം കോടതിയിലെ ഒരു ഉദ്യോഗസ്ഥൻ മൊഴി നൽകിയത്. ഇയാൾ മാസങ്ങളോളം മെമ്മറി കാർഡ് കൈവശം സൂക്ഷിച്ചിരുന്നുവെന്നും അതിജീവിത ആരോപിക്കുന്നു.ഇയാളുടെ ഫോൺ എവിടെ, എങ്ങിനെ കാണാതെ പോയി എന്നതിൽ അന്വേഷണം ഉണ്ടായിട്ടില്ല. പ്രത്യേക കോടതിയിൽ ഉച്ചയ്ക്ക് രണ്ടു തവണ ഒരു ഉദ്യോഗസ്ഥൻ മെമ്മറി കാർഡ് ഫോണിൽ ഇട്ട് കണ്ടു. ആ ഫോൺ യാത്രയ്ക്കിടെ നഷ്ടമായി എന്നാണ് ആ ഉദ്യോഗസ്ഥൻ മൊഴി നൽകിയത്. ഈ മൊഴികളിൽ അവിശ്വാസമുണ്ട്. എന്തുകൊണ്ട് ഫോൺ നഷ്ടമായതിൽ ഇവർ പരാതി നൽകിയിട്ടില്ല എന്നത് അന്വേഷിച്ചില്ല എന്നും അതിജീവിത ചോദിക്കുന്നു. അപകീർത്തികരമായ ദൃശ്യങ്ങൾ ചോർന്നതിൽ വിശദമായ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാർ പിന്മാറിയിരുന്നു.

Next Story
Share it