വിദ്യാർത്ഥിനികളുടെ ആർത്തവ അവധി ;മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി

കൊച്ചി: സർക്കാർ പ്രഖ്യാപിച്ച സ്‌കൂൾ വിദ്യാർഥിനികളുടെ ആർത്തവ അവധിയിൽ മെഡിക്കൽ സാക്ഷ്യപത്രം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. സ്വകാര്യത സൂക്ഷിക്കാൻ കർശന മാനദണ്ഡവും സർക്കാർ ആശുപത്രികളുടെ വർഷം തോറുമുള്ള സാക്ഷിപത്രവും അവധിക്ക് നിർബന്ധമാക്കണമെന്ന ആവശ്യവുമായി ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസറായ കെ പ്രതിഭയാണ് കത്ത് സമർപ്പിച്ചത് .
ആർത്തവ സമയത്ത് കടുത്ത മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്‌കൂൾ വിദ്യാർഥിനികൾക്ക് ഓരോ വർഷവും സർക്കാർ വനിത ഡോക്ടറുടെ സാക്ഷിപത്രത്തിന്റെ അടിസ്ഥാനത്തിൽ അവധി നൽകണം, അവധി വിഷയത്തിൽ സ്‌കൂളിൽ നടപടി സ്വീകരിക്കേണ്ടത് വനിത അധ്യാപികയാണെന്ന് ഉറപ്പാക്കണം.
ക്ലാസിലെ പ്രഥമ അധ്യാപകനും സ്‌കൂൾ പ്രിൻസിപ്പലോ പുരുഷനാണെങ്കിൽ ഓരോ ക്ലാസിലെയും സാങ്കേതികത്വം കണക്കിലെടുത്ത് സ്ഥാപനത്തിലെ ആർത്തവ അവധിയിൽ തീരുമാനമെടുക്കാൻ ഒരുവനിത അധ്യാപികയെ സ്‌കൂളിൽ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തണം. അവധി ദുരൂപയോഗം ചെയ്യപ്പെടാതെ നോക്കേണ്ടത് പ്രധാന ഉത്തരവാദിത്വമാണ്. ആർത്തവ സമയത്ത് സ്‌കൂളിൽ എത്തി ശാരീരിക മാനസിക ബുദ്ധിമുട്ട് ഇല്ലാതെ പഠിക്കുവാൻ കഴിയുന്നവർക്ക് അവധിയുടെ ആവശ്യമില്ല.
അവധി ആവശ്യമായി വരാത്ത പെൺകുട്ടികൾക്കും അവധി സ്വാതന്ത്ര്യം നൽകിയാൽ അവധി ദുരുപയോഗപ്പെടുകയും അതുമായി ബന്ധപ്പെട്ട് മറ്റ് പല പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യും. ആർത്തവ അവധി എടുക്കുന്ന കുട്ടികൾ പ്രസ്തുത സമയത്ത് രക്ഷാകർത്താക്കളുടെ അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ടവരുടെ സംരക്ഷണയിൽ ഉണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നുള്ള ആവശ്യവും ഡോ. പ്രതിഭയുടെ കത്തിലുണ്ട്.

