KSRTC ഡ്രൈവർ യദുവിനെ തടഞ്ഞ കേസ്: മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് മുൻ എംഎൽഎ സച്ചിൻ ദേവിയെയും കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി
Mayor Arya Rajendran vs KSRTC Driver Dispute

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിനെ വഴിയിൽ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും മുൻ എംഎൽഎയുമായ സച്ചിൻ ദേവിനെയും പൊലീസ് കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് ഇപ്പോൾ പ്രതി.
മേയറും സച്ചിൻ ദേവും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപെടുത്തുകയോ അസഭ്യവർഷം നടത്തുകയോ ചെയ്തില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. യദു സമർപ്പിച്ച സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതനുസരിച്ചാണ് നടപടി. കേസ് വിചാരണ ചെയ്യുന്നത് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്.
2024 ഏപ്രിൽ 27ന് രാത്രി 10 മണിയോടെ പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ വെച്ചായിരുന്നു സംഭവം. മേയറും ഭർത്താവും മറ്റുള്ളവരും സഞ്ചരിച്ച സ്വകാര്യ കാർ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവർ യദുവുമായി വാക്തർക്കം ഉണ്ടായി.
ഈ സാഹചര്യത്തിൽ മേയറെ വീണ്ടും പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് യദു കോടതിയിൽ പുതിയ ഹർജി നൽകിയിട്ടുണ്ട്.
അതേസമയം, മേയർ നൽകിയ പരാതിയിൽ യദുവിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. മേയറെയും കൂട്ടരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് ആരോപണം. ഈ കേസിൽ മ്യൂസിയം പൊലീസാണ് കുറ്റപത്രം നൽകുന്നത്.
അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണം ഇപ്പോഴും എങ്ങും എത്തില്ല.

