മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും 'കോക്രോച്ച് ജനതാ പാര്‍ട്ടി'യിൽ ചേർന്നു

ന്യൂഡൽഹി: തിങ്കളാഴ്ച കോടതി നടപടികൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി)ക്ക് സാമൂഹികമാധ്യമത്തിൽ വൻസ്വീകാര്യത. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും പാർട്ടി'യിൽ ചേർന്നു.ക 'യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവർ 'കോക്രോച്ചു'കളും 'പരാന്നഭോജികളു'മാണ്' എന്നായിരുന്നു പരാമർശം. ഇതിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വലിയ വിമർശനമുയർന്നു. ഇതിനുപിന്നാലെ 'എക്‌സി'ൽ തുടങ്ങിയ 'കോക്രോച്ച് ജനതാ പാർട്ടി' അക്കൗണ്ട് ആയിരക്കണക്കിന് ആളുകൾ ഫോളോചെയ്തു.പ്രസ്താവന വിവാദമായതോടെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി എത്തി. തന്റെ നിരീക്ഷണങ്ങൾ ചില മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചു. മറിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന ആളുകളെയാണ് ഉദ്ദേശിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 'ഒരു നിസ്സാര കേസ് പരിഗണിക്കുന്നതിനിടെ എന്റെ വാക്കാലുള്ള നിരീക്ഷണങ്ങൾ ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചതിൽ എനിക്ക് വേദനയുണ്ട്,' ചീഫ് ജസ്റ്റിസ് പറഞ്ഞു.

