മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം എൻഡിഎ-മഹായുതി വിജയത്തിലേക്ക്; മുംബൈ കോർപ്പറേഷൻ ബിജെപി നയിക്കുന്ന സഖ്യം പിടിച്ചെടുക്കും
Maharashtra Civic Election Results: BJP tsunami sweeps BMC

മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, മുംബൈ, താനെ, പൂനെ, നാഗ്പൂർ, നവി മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലടക്കം ബിജെപി നയിക്കുന്ന മഹായുതി സഖ്യം വ്യക്തമായ മുന്നേറ്റം നടത്തുകയാണ്.
പൂനെ മുനിസിപ്പൽ കോർപ്പറേഷനിലും പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിലും അജിത് പവാറിന്റെയും ശരദ് പവാറിന്റെയും നേതൃത്വത്തിലുള്ള എൻസിപി വിഭാഗങ്ങൾ തമ്മിലുള്ള സഖ്യത്തെ ബിജെപി വലിയ മാർജിനിൽ മറികടക്കുന്നു. ആദ്യ ട്രെൻഡുകൾ പ്രകാരം പൂനെയിലും പിംപ്രി-ചിഞ്ച്‌വാഡിലും ബിജെപി വ്യക്തമായ മുന്നിലാണ്. പശ്ചിമ മഹാരാഷ്ട്രയിലെ കോലാപ്പൂർ, സാത്താറ, സോളാപൂർ, സാംഗ്ലി തുടങ്ങിയ മുനിസിപ്പാലിറ്റികളിലും ബിജെപി ശക്തമായ സ്ഥാനത്താണ്.
2017 മുതൽ 2022 വരെ പൂനെയിലും പിംപ്രി-ചിഞ്ച്‌വാഡിലും ബിജെപി ഒറ്റയ്ക്ക് അധികാരത്തിലിരുന്നിരുന്നു. പിന്നീട് സംവരണ വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഇടപെടലുകളും മറ്റ് കാരണങ്ങളാലും തെരഞ്ഞെടുപ്പുകൾ വൈകി. കഴിഞ്ഞ മാസം 15നാണ് 29 കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
വോട്ടെണ്ണൽ ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ആരംഭിച്ചു. മുംബൈയിൽ മാത്രം 23 കേന്ദ്രങ്ങളിലാണ് എണ്ണൽ നടക്കുന്നത്.
മുംബൈ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ബിജെപി നയിക്കുന്ന മഹായുതി സഖ്യം വ്യക്തമായ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം, ആകെ 227 വാർഡുകളിൽ മഹായുതി സഖ്യം 130-ലധികം വാർഡുകളിൽ മുന്നിലാണ്. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി)-മഹാരാഷ്ട്ര നവനിർമാണ സേന സഖ്യം 71 വാർഡുകളിലും കോൺഗ്രസ് 13 വാർഡുകളിലും മുന്നിലുണ്ട്.സംസ്ഥാനത്തെ 29ൽ ഭൂരിഭാഗം മഹാനഗരപാലികകളിലും മഹായുതി സഖ്യം വിജയം ഉറപ്പാക്കിയിരിക്കുകയാണ്, ഇത് മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗത്ത് ബിജെപി-നയിക്കുന്ന സഖ്യത്തിന്റെ ശക്തമായ സാന്നിധ്യം വീണ്ടും തെളിയിക്കുന്നു.

