Kaumudi Plus

വിവിഐപികളുടെ നീണ്ട നിര, 15,000 ഇരിപ്പിടങ്ങൾ സജ്ജം ; ​ഗാലറിയിലും സൗകര്യം; സത്യപ്രതിജ്ഞ കൂറ്റൻ സ്ക്രീനിലും

വിവിഐപികളുടെ നീണ്ട  നിര, 15,000 ഇരിപ്പിടങ്ങൾ സജ്ജം ; ​ഗാലറിയിലും സൗകര്യം; സത്യപ്രതിജ്ഞ കൂറ്റൻ സ്ക്രീനിലും
X

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപികളുടെ നീണ്ട നിരയുണ്ടാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി എന്നിവർ ഇന്ന് രാവിലെ 9 മണിയോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച രാവിലെ ആലപ്പുഴയിലേക്ക് മടങ്ങിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ രാവിലെയെത്തും.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു എന്നിവരും ചടങ്ങിനെത്തും. ഇവരെല്ലാം പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുമെന്നു കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി.

സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. 15,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമേ സ്റ്റേഡിയത്തിന്റെ ​ഗാലറിയിലും ആളുകൾക്ക് ഇരിക്കാൻ സൗകര്യമുണ്ട്. മഴ ഭീഷണിയുള്ളതിനാൽ ഇവിടെ മേൽക്കൂരകളും സ്ഥാപിച്ചിട്ടുണ്ട്.ഒരുക്കങ്ങളുടെ അവസാന മണിക്കൂറുകളിലും ജനക്കൂട്ടമെത്തിയത് സംഘാടകരെ കുഴപ്പിച്ചു. സ്റ്റേഡിയത്തിന്റെ നടുവിലാണ് ചടങ്ങിനായി കൂറ്റൻ പന്തൽ പൊതുമരാമത്ത് വകുപ്പ് ഒരുക്കിയത്. ജനക്കൂട്ടത്തിന്റെ ബാഹുല്യം കണക്കിലെടുത്തു അതിനു സമീപം രണ്ട് ചെറിയ പന്തൽ കൂടി സ്ഥാപിച്ചു. 3 പന്തലുകളിലായാണ് 15,000 ഇരിപ്പിടങ്ങൾ സജ്ജമാക്കിയത്.

10 വർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാനൊരുങ്ങുകയാണ് ജില്ലയിലെ കോൺ​ഗ്രസ് നേതൃത്വം. വിവിധ കേന്ദ്രങ്ങളിൽ കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റുകളുടെ നേതൃത്വത്തിൽ മധുര, പായസ വിതരണമുണ്ടാകും. സത്യപ്രതിജ്ഞാ ചടങ്ങിനു നേരിട്ടു സാക്ഷ്യം വഹിക്കാൻ കഴിയാത്തവർക്കായി ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കൂറ്റൻ സ്ക്രീനുകളും കോൺ​ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്നുണ്ട്. പ്രവർത്തകർക്കു ചടങ്ങിൽ പങ്കെടുക്കാൻ വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

Next Story
Share it