Kaumudi Plus

ജോലിക്ക് ഭൂമി അഴിമതിക്കേസ്: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി

Lalu Prasad Yadav found guilty in land for work scam case

ജോലിക്ക് ഭൂമി അഴിമതിക്കേസ്: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി
X

ന്യൂഡൽഹി: റെയിൽവേ ജോലി നൽകുന്നതിന് പകരമായി ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന അഴിമതി കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കും വൻ തിരിച്ചടി.

ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസാ ഭാരതി, ഹേമ യാദവ് തുടങ്ങിയവർക്കെതിരെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റങ്ങൾ ചുമത്തി. കുടുംബം ക്രിമിനൽ സിൻഡിക്കേറ്റ് പോലെ പ്രവർത്തിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.

2004-2009 കാലഘട്ടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന ലാലുവിന്റെ കാലത്ത്, റെയിൽവേയിലെ ഗ്രൂപ്പ് ഡി തസ്തികകളിൽ നിയമനങ്ങൾക്ക് പകരമായി ഉദ്യോഗാർഥികളിൽ നിന്നോ അവരുടെ കുടുംബങ്ങളിൽ നിന്നോ ഭൂമി കൈമാറ്റം ചെയ്തുവാങ്ങിയെന്നാണ് ആരോപണം. ഈ ഭൂമികൾ ലാലുവിന്റെ കുടുംബാംഗങ്ങളുടെ പേരിലോ എ.കെ. ഇൻഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലോ രജിസ്റ്റർ ചെയ്തു. പിന്നീട് കുടുംബാംഗങ്ങൾ ഇവ ഏറ്റെടുത്തു.

മുംബൈ, ജബൽപൂർ, കൊൽക്കത്ത, ജയ്പൂർ, ഹാജിപൂർ തുടങ്ങിയ റെയിൽവേ സോണുകളിലാണ് ഇത്തരം നിയമവിരുദ്ധ നിയമനങ്ങൾ നടന്നതെന്ന് സിബിഐ ആരോപിക്കുന്നു. നിയമന മാനദണ്ഡങ്ങൾ പാലിക്കാതെ, ഗൂഢാലോചനയോടെ ഇടപാടുകൾ നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. സിബിഐയുടെ കുറ്റപത്രം കോടതി അംഗീകരിച്ചു.

ഇനി പ്രതികൾ വിചാരണ നേരിടേണ്ടി വരും. ബിഹാർ രാഷ്ട്രീയത്തിൽ ആർജെഡിക്ക് ഇത് കനത്ത പ്രഹരമാകും. രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഈ അഴിമതി കേസ്, നിലവിൽ കാലിത്തീറ്റ കുംഭകോണത്തിൽ ജാമ്യത്തിലുള്ള ലാലു പ്രസാദ് യാദവിന് മറ്റൊരു നിയമപോരാട്ടമാണ് സമ്മാനിക്കുന്നത്.

Tags:
Next Story
Share it