കെഎസ്ആർടിസി ചരിത്ര റെക്കോർഡ്: പ്രതിദിന വരുമാനം 13.02 കോടി
KSRTC achieves record revenue in January 2026

തിരുവനന്തപുരം: കെഎസ്ആർടിസി വരുമാനത്തിൽ അഭൂതപൂർവമായ ഉയർച്ച നേടി.
ജനുവരിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമാണ് കൈവരിച്ചത്. പ്രതിദിനം 13.02 കോടി രൂപയാണ് ശേഖരിച്ചത്. ഇതിൽ 12.18 കോടി രൂപ ടിക്കറ്റ് വരുമാനവും ബാക്കി ടിക്കറ്റിതര വരുമാനവുമാണ് എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ 93 യൂണിറ്റുകളും (ഡിപ്പോകൾ) പ്രവർത്തന ലാഭത്തിലെത്തി. കാര്യക്ഷമമായ ഭരണവും മെച്ചപ്പെട്ട സേവനവുമാണ് ഈ നേട്ടത്തിന് പിന്നിൽ. 538 പുതിയ ബസുകൾ കൂടി സർവീസിൽ എത്തിച്ചതോടെ യാത്രാ ശൃംഖല കൂടുതൽ ശക്തമായി.
കെഎസ്ആർടിസി ടൂറിസം പദ്ധതികളുടെ പ്രതിമാസ വരുമാനം 3.23 കോടി രൂപയായി ഉയർത്തി. ഇന്ത്യയിലെ ആദ്യ ഓപ്പൺ ഡെക്കർ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ച നേട്ടവും കെഎസ്ആർടിസിക്കുണ്ട്. മൂന്നാറിലെ 'റോയൽ വ്യൂ' ഡബിൾ ഡെക്കർ സർവീസ് യാത്രക്കാർക്ക് അവിസ്മരണീയ അനുഭവമായി മാറി.
പൊതുഗതാഗത മേഖലയ്ക്ക് പുതിയ ആത്മവിശ്വാസവും ദിശാബോധവും നൽകുന്നതാണ് കെഎസ്ആർടിസിയുടെ ഈ കണക്കുകൾ എന്ന് അധികൃതർ പറഞ്ഞു.

