കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു
Koyilandy MLA Kanathil Jameela passes away

കോഴിക്കോട്: കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎയും പ്രമുഖ വനിതാ നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. മലബാറിൽ നിന്നുള്ള ആദ്യ മുസ്ലിം വനിതാ എംഎൽഎ എന്ന ചരിത്ര നേട്ടവും അവർ സ്വന്തമാക്കി.
കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ അർബുദ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
നിയമസഭാ സമ്മേളന വേളയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ കോൺഗ്രസ് സ്ഥാനാർഥി എൻ. സുബ്രഹ്മണ്യനെ 8572 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ജമീല നിയമസഭയിലെത്തിയത്.
വീട്ടമ്മയിൽ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഉയർന്നുവന്ന നേതാവായിരുന്നു ജമീല. 1995-ൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അവർ അന്നുതന്നെ പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തസ്തികകളും വഹിച്ചു. ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ എല്ലാ ഘട്ടങ്ങളും കടന്ന് നിയമസഭയിലെത്തിയ അപൂർവ നേതാക്കളിൽ ഒരാളായിരുന്നു അവർ.
കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നായി ജമീല മാറി. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതടക്കമുള്ള ഇടപെടലുകൾ അന്ന് വലിയ ചർച്ചയായിരുന്നു. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട ജനപ്രശ്നങ്ങളിൽ കർക്കശ നിലപാടെടുക്കുക തുടങ്ങിയ കാര്യങ്ങളിലും അവർ സജീവമായിരുന്നു.
രോഗബാധിതയായിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടപ്പോഴെല്ലാം ജനങ്ങളോടൊപ്പം നിലകൊണ്ട നേതാവ് കൂടിയായിരുന്നു ജമീല. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയിൽ അവർക്ക് സ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങളും സജീവമായിരുന്നു.
ജമീലയുടെ ഭർത്താവ് കാനത്തിൽ അബ്ദുറഹിമാൻ, മകൻ അയറിജ്, മകൾ അനൂജ.

