‘24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം’: കൊച്ചി ബിനാലെയിലെ ചിത്രത്തിനെതിരെ ലാറ്റിൻ കത്തോലിക്കാ അസോസിയേഷൻ പ്രതിഷേധം
Kochi Latin Catholic Association protest against Jesus Christ's painting at Kochi Biennale

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച ‘മൃദുവാംഗിയുടെ ദുർമരണം’ എന്ന ചിത്രം ക്രൈസ്തവ മതവിശ്വാസികളുടെ വികാരത്തെ വേദനിപ്പിക്കുന്നതാണെന്ന ആരോപണവുമായി കേരള ലത്തീൻ കത്തോലിക്കാ സഭയും അസോസിയേഷനും രംഗത്തെത്തി.
24 മണിക്കൂറിനുള്ളിൽ ഈ കലാസൃഷ്ടി പിൻവലിക്കുകയും മാപ്പപേക്ഷിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു. കലാസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം പ്രവൃത്തികൾ കലയുടെ ദൃശ്യഭാഷയെ ഗുരുതരമായി അവഹേളിക്കുന്നതാണെന്ന് കേരള ലാറ്റിൻ കത്തോലിക്ക് അസോസിയേഷൻ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ആരോപിച്ചു.
പ്രശസ്ത ചിത്രകാരൻ ലിയനാർഡോ ഡാ വിഞ്ചിയുടെ ‘ദി ലാസ്റ്റ് സപ്പർ’ (അന്ത്യ അത്താഴം) എന്ന ക്ലാസിക് ചിത്രവുമായി സാമ്യമുള്ള രീതിയിലാണ് ഈ കലാസൃഷ്ടി നിർമിച്ചിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.
“ഇത് ആവിഷ്കാര സ്വാതന്ത്ര്യമോ കലയോ അല്ല. പ്രശസ്തിയും പേരും കുറയുമ്പോൾ വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇത്. ക്രൈസ്തവ സമുദായത്തിന്റെ മതവികാരത്തെ മുറിവേൽപ്പിച്ചുകൊണ്ട് മാത്രമേ ഇത്തരക്കാർക്ക് വിവാദം ഉണ്ടാക്കി രക്ഷപ്പെടാൻ കഴിയൂ എന്ന് അവർക്കറിയാം. തോന്ന്യാസങ്ങൾ സൃഷ്ടിക്കുന്നിടത്താണ് വിവാദങ്ങൾ ഉയരുന്നത്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുന്നു എന്നതാണ് ഞങ്ങളുടെ പ്രതിഷേധത്തിന്റെ കാരണം. ഇതിനെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന് വിശേഷിപ്പിച്ച് ആരും രംഗത്തുവരരുത്. കൊച്ചി ബിനാലെ സംഘാടകർ ഈ ചിത്രം പിൻവലിച്ച് മാപ്പപേക്ഷിക്കുകയും, ഇത് സൃഷ്ടിച്ച ടോം വട്ടക്കുഴി എന്ന കലാകാരനെ പുറത്താക്കുകയും ചെയ്യണം,” ബിജു ജോസി കരുമാഞ്ചേരി പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അസോസിയേഷൻ സെക്രട്ടറി ഈ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്.

