Kaumudi Plus

കേരളത്തിൽ 25 ലക്ഷം പേരെ വെട്ടി എസ്ഐആർ: കരട് വോട്ടർ പട്ടിക 23ന്

Kerala SIR controversy: 25 lakh voters missing; draft voter list on 23rd

കേരളത്തിൽ 25 ലക്ഷം പേരെ വെട്ടി എസ്ഐആർ: കരട് വോട്ടർ പട്ടിക 23ന്
X

തിരുവനന്തപുരം: ബിഹാറിനെ തുടർന്ന് കേരളത്തിലും വോട്ടർ പട്ടിക ശുദ്ധീകരണ വിവാദം. എസ്ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) പ്രക്രിയ അവസാന ഘട്ടത്തിലെത്തിയപ്പോൾ, 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷത്തിലേറെ പേരെ ഒഴിവാക്കി.

മുൻ പട്ടികയിൽ 2,78,59,855 വോട്ടർമാരുണ്ടായിരുന്നു. സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് ശക്തമായ എതിർപ്പ് അറിയിച്ചു.

99.96 ശതമാനം എന്യൂമറേഷൻ ഫോമുകൾ തിരിച്ചെത്തുകയും 99.77 ശതമാനം ഡിജിറ്റൈസ് ചെയ്ത ശേഷമാണ് 25 ലക്ഷത്തിലധികം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, മറ്റിടങ്ങളിൽ പേര് ചേർത്തവർ, ഇരട്ട എൻട്രികൾ, മറ്റ് കാരണങ്ങളാൽ യോഗ്യത നഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് പ്രധാനമായും പുറത്താകുന്നത്. കരട് പട്ടിക പ്രസിദ്ധീകരണത്തിന് ശേഷം ആക്ഷേപമുള്ളവർക്ക് രേഖകൾ സമർപ്പിച്ച് വോട്ടവകാശം വീണ്ടെടുക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ അറിയിച്ചു. എന്നാൽ കണക്കുകളിൽ വ്യക്തതയില്ലെന്നും എസ്ഐആർ കാലാവധി വീണ്ടും നീട്ടണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.

ഡിസംബർ 15ലെ കണക്കനുസരിച്ച്, മരിച്ചവർ 6,44,547, കണ്ടെത്താനാകാത്തവർ 7,11,958, സ്ഥിരമായി താമസം മാറിയവർ 8,19,346, ഇരട്ട എൻട്രികൾ 1,31,530, മറ്റുള്ളവർ 1,93,631 എന്നിങ്ങനെ ആകെ 25,01,012 പേരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ ഒഴിവാക്കലുകൾ തിരുവനന്തപുരം ജില്ലയിലാണ് – 4,36,857 പേർ. തുടർന്ന്:

എറണാകുളം → 3,34,962

തൃശൂർ → 2,56,842

പാലക്കാട് → 2,00,070

കോഴിക്കോട് → 1,94,588

മലപ്പുറം → 1,79,673

കൊല്ലം → 1,68,018

കോട്ടയം → 1,66,010

ആലപ്പുഴ → 1,44,243

ഇടുക്കി → 1,28,333

പത്തനംതിട്ട → 1,00,948

കണ്ണൂർ → 89,932

കാസർകോട് → 63,114

വയനാട് → 37,422

ഈ പേരുകൾ കരട് പട്ടികയിൽ ഉണ്ടാവില്ല; പ്രത്യേക അനുബന്ധ പട്ടികയായി പ്രസിദ്ധീകരിക്കും. ആക്ഷേപമുണ്ടെങ്കിൽ രേഖകൾ സമർപ്പിച്ച് പുതിയ അപേക്ഷ നൽകേണ്ടിവരും. എസ്ഐആർ കാലാവധി ഡിസംബർ 18 വരെ. ഡിസംബർ 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ എതിർപ്പുകൾ സമർപ്പിക്കാം. ഫെബ്രുവരി 14 വരെ ഹിയറിങ്ങും പരിശോധനയും നടന്നശേഷം ഫെബ്രുവരി 21ന് അന്തിമ പട്ടിക വരും.

ബിജെപി ഒഴികെയുള്ള പാർട്ടികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മരിച്ചവരെയും ഇരട്ട വോട്ടുകളെയും ഒഴിവാക്കിയാൽ ബാക്കി ഏകദേശം 18 ലക്ഷം പേരെ അനർഹമായി വെട്ടിനിരത്തുകയാണെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു. എന്യൂമറേഷൻ ഫോം തിരിച്ചുനൽകാത്തവരുണ്ടെന്ന കമ്മിഷന്റെ വാദം അംഗീകരിക്കാനാവില്ലെന്നും ഫോം വാങ്ങാൻ കഴിയാത്തതാകാം പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ ഉൾപ്പെടുത്തിയേ കരട് പട്ടിക പ്രസിദ്ധീകരിക്കാവൂ എന്ന് കോൺഗ്രസ് നേതാവ് എം.കെ. റഹ്മാൻ ആവശ്യപ്പെട്ടു.

വോട്ടർ പട്ടികയിലെ പത്ത് ശതമാനത്തോളം പേരെ നീക്കം ചെയ്യുന്നത് അപകടകരമാണെന്നും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രത്യേകം പ്രസിദ്ധീകരിച്ച് അപേക്ഷകൾ സ്വീകരിച്ച് ഉൾപ്പെടുത്തണമെന്നും ലീഗ് നേതാവ് മുഹമ്മദ് ഷാ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി ക്യാംപെയ്ൻ നടത്തി യോഗ്യരായവരെ പരമാവധി ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യോഗ്യതയില്ലാത്തവരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ഐആർ നടപ്പാക്കുന്നതെന്നും ഇതിനെ തടസ്സപ്പെടുത്തരുതെന്നും ബിജെപി നേതാവ് ജെ.ആർ. പത്മകുമാർ പ്രതികരിച്ചു.

Tags:
Next Story
Share it