Kaumudi Plus

കേരളം രാജ്യത്തിന് മാതൃകയാകണം, മതേതരത്വം ശക്തിപ്പെടുത്താൻ നയിക്കണം: അമർത്യ സെൻ

Kerala should be a model State for India in strengthening secularism: Amartya Sen

കേരളം രാജ്യത്തിന് മാതൃകയാകണം, മതേതരത്വം ശക്തിപ്പെടുത്താൻ നയിക്കണം: അമർത്യ സെൻ
X

തിരുവനന്തപുരം: ദാരിദ്ര്യ നിർമാർജനം, ആയുർദൈർഘ്യം, പ്രതിശീർഷ വരുമാനം എന്നിവയിൽ രാജ്യം ഉറ്റുനോക്കുന്ന മാതൃകയാണ് കേരളമെന്ന് നൊബേൽ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യ സെൻ പറഞ്ഞു. ഇന്ത്യയിൽ മതേതരത്വം ശക്തിപ്പെടുത്തുന്നതിന് കേരളത്തിന് നിർണായക പങ്കുവഹിക്കാനാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച 'വിഷൻ-2031: വികസനവും ജനാധിപത്യവും' എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് ചരിത്രപരമായ അടിത്തറയുണ്ടെന്ന് അമർത്യ സെൻ ചൂണ്ടിക്കാട്ടി. ലോകത്തോടുള്ള തുറന്ന മനസ്സാണ് കേരളത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

14-ാം നൂറ്റാണ്ടിലെ ഇബ്നു ബത്തൂത്തയുടെ രേഖകളിൽ പോലും കേരളത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശമുണ്ട്. ഇന്ത്യയിലേക്കുള്ള ഒരു കവാടമായി കേരളം പ്രവർത്തിച്ചത് രാജ്യത്തിന് മൊത്തത്തിൽ മൂല്യവത്താണ്. തുറന്ന മനസ്സോടെയും പരീക്ഷണാത്മകമായും മുന്നോട്ടുപോകാനുള്ള കഴിവാണ് ഇതിന് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ആര്യഭടൻ കേരളീയനാണെന്നതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്നും സെൻ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ കേരളം കൈവരിച്ച അത്ഭുതകരമായ നേട്ടങ്ങൾ വികസന കാഴ്ചപ്പാടിന്റെ വിജയമാണ്. ഇതുമൂലം ദാരിദ്ര്യ നിർമാർജനത്തിലും ആയുർദൈർഘ്യത്തിലും പ്രതിശീർഷ വരുമാനത്തിലും കേരളം രാജ്യത്തിന് മാതൃകയായി മാറി.

1957ലെ ആദ്യ തെരഞ്ഞെടുപ്പിന്റെ കാലത്ത് കേരളത്തിന്റെ വികസന സാധ്യതകളെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നുവെന്ന് ഓർമിച്ച അദ്ദേഹം, ഇന്ന് എല്ലാ മേഖലകളിലും മുൻനിരയിൽ നിൽക്കുന്ന കേരളത്തിന്റെ വിജയം ആ പഴയ സംശയങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണെന്ന് പറഞ്ഞു. മനുഷ്യവിഭവശേഷി വികസനത്തിലൂടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ മതേതരത്വത്തിന് വലിയ വെല്ലുവിളികളില്ലെന്നും എന്നാൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സ്ഥിതി വ്യത്യസ്തമാണെന്നും സെൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും മതേതരത്വം ദുർബലമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് സംഘടിതമായി അടിച്ചേൽപ്പിക്കപ്പെടുന്ന ആശയങ്ങളെ ചെറുക്കാനാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും മതേതരത്വത്തിന്റെ ഭാവിയെന്നും അമർത്യ സെൻ പറഞ്ഞു.

Tags:
Next Story
Share it