Kaumudi Plus

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിലെ 'വമ്പന്മാരെ' കണ്ടെത്തണം; ഹൈക്കോടതിയുടെ കർശന നിർദേശം

Kerala High Court issues strict order to round up the 'bigwigs' behind Unnikrishnan Potty

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണം; ഹൈക്കോടതിയുടെ കർശന നിർദേശം
X

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഉന്നതതല ഗൂഢാലോചകരെ അന്വേഷണസംഘം കണ്ടെത്തിയേ തീരൂവെന്ന് കേരള ഹൈക്കോടതി.


ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത ബന്ധുക്കളെയും സഹായികളെയും മുഴുവൻ ചോദ്യം ചെയ്യണമെന്നും കോടതി നിർദേശിച്ചു.


ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ മോഷ്ടിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണമില്ലാതെ സാധ്യമല്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. “പ്രതികളായവർക്ക് മുകളിലുള്ള വൻതോക്കുകളെ വിട്ടുകളയരുത്; അന്വേഷണം അവരിലേക്ക് നീളണം” എന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായി നിർദേശം നൽകി.


കേസിലെ നാലാം പ്രതി മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെയും ആറാം പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിർദേശങ്ങൾ നൽകിയത്. ഇതോടെ എസ്ഐടി അന്വേഷണം പത്മകുമാർ ഉൾപ്പെടെയുള്ള ഉന്നതരിലേക്കും വ്യാപിക്കും.


“ഔദ്യോഗിക സ്ഥാനമൊന്നുമില്ലാത്ത ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഇത്രയധികം അനിയന്ത്രിത സ്വാതന്ത്ര്യം ആർജിച്ചത് ആരുടെ അനുഗ്രഹത്താലാണ്? ആ സ്വാധീനം നൽകിയവരെ കണ്ടെത്തണം” എന്ന് കോടതി ചോദിച്ചു. ലക്ഷക്കണക്കിന് ഭക്തർ വിശ്വാസമർപ്പിക്കുന്ന പവിത്രമായ ശബരിമല സന്നിധിയിൽ ഇത്ര വലിയ കൊള്ള നടക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.


2019-ൽ സ്വർണം പുനർനവീകരണത്തിന്റെ പേരിൽ ദ്വാരപാലക ശില്പങ്ങൾ നീക്കം ചെയ്യാൻ ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ ആ ശില്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഏൽപ്പിക്കാനുള്ള തീരുമാനം ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് സെക്രട്ടറിയായിരുന്ന ജയശ്രീ മിനിറ്റ്സിൽ തിരുത്തൽ വരുത്തി ഉത്തരവിറക്കിയതോടെയാണ് സ്വർണം പോറ്റിയുടെ കൈയിലെത്തിയത്. സ്വർണപ്പാളിക്ക് പുനർനവീകരണം ആവശ്യമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ചെമ്പ് പൂശിയെന്ന് രേഖപ്പെടുത്തി സ്വർണം മോഷ്ടിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും കോടതി കണ്ടെത്തി.


പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതിനാൽ ജയശ്രീയെയും ശ്രീകുമാറിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. “ബോർഡ് തീരുമാനം നടപ്പാക്കുക മാത്രമാണ് സെക്രട്ടറിയുടെ ജോലി” എന്ന ജയശ്രീയുടെ വാദവും “മേലധികാരിയുടെ നിർദേശപ്രകാരം ഒപ്പിട്ടു” എന്ന ശ്രീകുമാറിന്റെ വാദവും കോടതി തള്ളി.


ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം ഇനി ദേവസ്വം ബോർഡിലെ ഉന്നതതല ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ-ഭരണ സ്വാധീനമുള്ള വ്യക്തികളിലേക്കും വ്യാപിക്കുമെന്ന് ഹൈക്കോടതി ഉത്തരവ് വ്യക്തമാക്കുന്നു.

Tags:
Next Story
Share it