Kaumudi Plus

പരിഭവം മാറി ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ മത്സരിക്കുമോ: ആവേശപൂർണമായ ത്രികോണ പോരാട്ടത്തിന് വട്ടിയൂർക്കാവ് മണ്ഡലം സജ്ജമാകുന്നു

Kerala Assembly Elections: Vattiyoourkaavu constituency awaits a thrilling triangular showdown

പരിഭവം മാറി ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ മത്സരിക്കുമോ: ആവേശപൂർണമായ ത്രികോണ പോരാട്ടത്തിന് വട്ടിയൂർക്കാവ് മണ്ഡലം സജ്ജമാകുന്നു
X

തിരുവനന്തപുരം: അടുത്ത കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർഥി നിർണയം ചൂടുപിടിക്കുകയാണ്.

കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഈ മണ്ഡലം ലക്ഷ്യമിടുന്നതായി സൂചനകളുണ്ട്. നിലവിലെ സിറ്റിങ് എംഎൽഎയും സിപിഎം നേതാവുമായ വി.കെ. പ്രശാന്തിനെ പാർട്ടി വീണ്ടും ഇറക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴക്കൂട്ടം മണ്ഡലത്തിലേക്കും പ്രശാന്തിന്റെ പേര് ചർച്ചയിലുണ്ട്.

അതേസമയം, ബിജെപിയിൽ സ്ഥാനാർഥിത്വത്തിനായുള്ള ആകാംക്ഷയും കരുനീക്കങ്ങളും തകൃതിയായി നടക്കുന്നു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൻഡിഎയ്ക്ക് 2497 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചത് ബിജെപിയിൽ വലിയ പ്രതീക്ഷയുണ്ടാക്കി. ഇതോടെ ഈ സീറ്റ് ലക്ഷ്യമിടുന്നവരുടെ നിര വർധിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തെത്തിയ വി.വി. രാജേഷ് ഇപ്പോൾ തിരുവനന്തപുരം കോർപറേഷൻ മേയറായതിനാൽ അദ്ദേഹത്തിന് സ്ഥാനാർഥിത്വ അവകാശവാദമില്ല.

മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് ശാസ്തമംഗലം വാർഡിൽ മത്സരിപ്പിച്ച ആർ. ശ്രീലേഖയ്ക്ക് ആ സ്ഥാനം കിട്ടാതെ വന്നതോടെ വട്ടിയൂർക്കാവ് സീറ്റ് നൽകാമെന്ന് ബിജെപി നേതൃത്വം ഉറപ്പുകൊടുത്തിരുന്നതായി അറിയുന്നു. എന്നാൽ, മത്സരിക്കാനില്ലെന്ന് ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വട്ടിയൂർക്കാവിൽ മത്സരിക്കാൻ താൽപര്യം അറിയിച്ചതാണ് ശ്രീലേഖയുടെ നിരാശയ്ക്ക് കാരണമെന്ന് സൂചനകളുണ്ട്.

2021-ൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ച് മൂന്നാംസ്ഥാനത്തെത്തിയ ജി. കൃഷ്ണകുമാറും വട്ടിയൂർക്കാവിൽ സ്ഥാനാർഥിത്വത്തിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 25 വർഷമായി വട്ടിയൂർക്കാവിൽ താമസിക്കുന്നുവെന്നും ഇവിടെ മത്സരിക്കാൻ പാർട്ടി തീരുമാനിച്ചാൽ സന്തോഷമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

കെ. മുരളീധരന്റെ താൽപര്യവും വട്ടിയൂർക്കാവിലേക്കാണ്. 2021-ൽ വീണ എസ്. നായർ മത്സരിച്ചപ്പോൾ കോൺഗ്രസ് മൂന്നാംസ്ഥാനത്തായിരുന്നു. മണ്ഡലത്തിലെ നിലവിലെ സാഹചര്യത്തിൽ മുരളീധരൻ പോലുള്ള ശക്തനായ സ്ഥാനാർഥി വന്നാൽ വിജയിക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. മണ്ഡലം ഉൾപ്പെടുന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഇരട്ടി സീറ്റുകൾ നേടിയതിന് നേതൃത്വം നൽകിയതും മുരളീധരനായിരുന്നു.

21515 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 2021ൽ വിജയിച്ച വി.കെ. പ്രശാന്തിന്റെ വ്യക്തിപരമായ സ്വീകാര്യതയാണ് സിപിഎമ്മിന്റെ പ്രധാന ആശ്വാസം. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ മത്സരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചാൽ പ്രശാന്തിനെ അവിടേക്ക് മാറ്റാനും ആലോചനയുണ്ട്.

Tags:
Next Story
Share it