ഡല്‍ഹി മദ്യനയക്കേസില്‍ കോടതിയില്‍ ഹാജരാകില്ല ;കത്തയച്ച് കെജരിവാള്‍

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കോടതിയിൽ ഹാജരാകില്ലെന്ന് അറിയിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജരിവാൾ . കേസിന്റെ വാദം കേൾക്കുന്നതിന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകില്ലെന്ന് അറിയിച്ച് കെജരിവാൾ ഡൽഹി ഹൈക്കോടതി ജഡ്ജി സ്വരണ കാന്ത ശർമയ്ക്ക് കത്ത് നൽകി.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വരണ കാന്ത ജിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. അതുകൊണ്ട് മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ ഞാൻ തീരുമാനിച്ചു കെജരിവാൾ കത്തിൽ പറഞ്ഞു.തന്റെ മനസാക്ഷി പറയുന്നത് കേട്ട ശേഷമാണ് തീരുമാനമെടുത്തതെന്നും സുപ്രീം കോടതിയിൽ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ട ശേഷമാണ് ഞാൻ ഈ തീരുമാനമെടുത്തത്. ജസ്റ്റിസ് സ്വരണ കാന്തയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം എനിക്കുണ്ട്,' കെജരിവാൾ പറഞ്ഞു.
മദ്യനയ കേസിൽ ഹാജരാകില്ലെന്ന് അറിയിച്ച് ജസ്റ്റിസ് സ്വരണ കാന്തയ്ക്ക് അയച്ച കത്തിന്റെ പകർപ്പ് കെജ്‌രിവാൾ എക്‌സിൽ പങ്കുവെച്ചു. ദുഷ്‌കരമായ പാതയാണോ എളുപ്പമുള്ള പാതയോ തെരഞ്ഞെടുക്കേണ്ടതെന്ന സംശയത്തിലാണ് ഞാൻ നിൽക്കുന്നതെന്നും എക്‌സിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ കെജരിവാൾ പറഞ്ഞു.
മദ്യനയക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ മാറണമെന്ന് ആവശ്യപ്പെട്ട് കെജരിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തളളിയിരുന്നു. കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ചായിരുന്നു കോടതി ഹർജി തള്ളിയത്.

