'കണ്ടും മിണ്ടിയും ഇരുവര്‍' ; ലാല്‍ - സിഎം ഇന്റര്‍വ്യൂ റിലീസ് ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്നിറങ്ങും. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന് പേരിട്ട അഭിമുഖം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ പേജുകളിലും കാണാം. രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസിൽ ചിത്രീകരിച്ച അഭിമുഖം സംവിധാനം ചെയ്തത് ടികെ രാജീവ് കുമാർ ആണ്.മുഖ്യമന്ത്രിയുടെ രാഷ്ട്രീയജീവിതവും വ്യക്തിജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ നൽകുന്ന സൂചന. പിആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു.
ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിൽ എന്നാണ് സിപിഎം മറുപടി. പ്രതിപക്ഷ നേതാവായിരിക്കെ ഇരുവർ എന്ന പേരിൽ ഉമ്മൻ ചാണ്ടിയും മോഹൻലാലുമായുള്ള അഭിമുഖം ജയ്ഹിന്ദ് ടി വി ഇന്നലെ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസർ വലിയ ചർച്ചയായിരുന്നു. 'കണ്ടും മിണ്ടിയും... ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ' എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്.
മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരാൾ തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നു. ഏതെങ്കിലും ഒരു സിനിമാ സീൻ യഥാർഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് മോഹൻലാൽ പിണറായിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കാറില്ലെന്നായിരുന്നു മറുപടി. എന്തിന്റേയെങ്കിലും പേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. തനിക്ക് മർദനം ഏൽക്കേണ്ടി വന്ന അനുഭവം പിണറായി പറയുന്നു.
താൻ അഭിനയിച്ച ഏതെങ്കിലും സിനിമയിലെ സംഭാഷണം ഓർമയുണ്ടോയെന്ന ചോദ്യത്തോട്, ദിനേശനും ദാസനും ഉൾപ്പെടെ എത്രയേറെയുണ്ടെന്നായി പിണറായിയുടെ മറുപടി. ഇതുകേട്ട് മോഹൻലാൽ പൊട്ടിച്ചിരിക്കുന്നു. 'എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം' എന്ന മോഹൻലാലിന്റെ ഡയലോഗിന് മുഖ്യമന്ത്രി കൈയടിക്കുന്നതും ടീസറിൽ കാണാം.

