Kaumudi Plus

‘ആ സമ്മാനം ഞാൻ കൊണ്ടുവന്നതല്ല; അവിടെ വെച്ചിരുന്നത് എടുത്തു കൊടുത്തു’: പോറ്റിയുടെ വീട്ടിലെ ചിത്രത്തിൽ വിശദീകരണവുമായി കടകംപള്ളി

Kadakampalli Surendran gives new explanation for photos of his presence with Unnikrishnan Potty's family

‘ആ സമ്മാനം ഞാൻ കൊണ്ടുവന്നതല്ല; അവിടെ വെച്ചിരുന്നത് എടുത്തു കൊടുത്തു’: പോറ്റിയുടെ വീട്ടിലെ ചിത്രത്തിൽ വിശദീകരണവുമായി കടകംപള്ളി
X

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ സന്ദർശിച്ചതിനെക്കുറിച്ച് പുതിയ വിശദീകരണവുമായി മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി.

പോറ്റിയുടെ മകന്റെ ചടങ്ങിനല്ല, മറിച്ച് പോറ്റിയുടെ പിതാവിന്റെ ചടങ്ങുമായി ബന്ധപ്പെട്ടാണ് താൻ അവിടെ പോയതെന്ന് കടകംപള്ളി വ്യക്തമാക്കി. പോറ്റിയുടെ വീട്ടിൽ താനും രാജു ഏബ്രഹാമും പിതാവിന് സമ്മാനം നൽകുന്ന ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് ഈ വിശദീകരണം.

സോണിയാ ഗാന്ധിയെ പോറ്റി സന്ദർശിച്ച വിഷയത്തിൽ കടകംപള്ളി കുറ്റപ്പെടുത്താതെ പ്രതികരിച്ചു. "കളങ്കിതനായ ഒരാളെ സോണിയാ ഗാന്ധി വീട്ടിൽ വിളിച്ചുകയറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല" എന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നിയമസഭയിൽ ഭരണപക്ഷം പോറ്റി-സോണിയാ ബന്ധം ശക്തമായി ഉന്നയിച്ചതോടെ കടകംപള്ളി തന്റെ പ്രസ്താവന തിരുത്തി. മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. താനും പോറ്റിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ, എതിർചിത്രങ്ങളും പുറത്തുവരാമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് കടകംപള്ളി വ്യക്തമാക്കി.“കളങ്കിതനായ വ്യക്തിയെ സോണിയാ ഗാന്ധി വീട്ടിൽ കയറ്റില്ല എന്നു മാത്രമാണ് ഞാൻ പറഞ്ഞത്. കൂടെപ്പോയ കോൺഗ്രസുകാർ എന്തൊക്കെ ചെയ്തു എന്ന് ഞാൻ പറഞ്ഞിട്ടില്ല. പോറ്റിയെ ഞാൻ കണ്ടതിൽ യാതൊരു അസ്വാഭാവികതയുമില്ല. പോറ്റിയുടെ കുടുംബാംഗങ്ങൾ എല്ലാവരും ഒപ്പമുണ്ടായിരുന്നു. എട്ടു വർഷം മുമ്പ് അവിടെ ഒരു ചടങ്ങ് നടന്നപ്പോഴാണ് ഞാൻ പോയത്. പോറ്റി ക്ഷണിച്ചതുകൊണ്ടാണ് പോയത്” – കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ഏഴോ എട്ടോ വർഷങ്ങൾക്ക് മുമ്പുള്ള ഒരു ചടങ്ങിന്റെ കാര്യം എങ്ങനെ ഓർമയുണ്ടാകുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി: “10 പ്രാവശ്യം പോയാലും പറയാൻ മടിയില്ല. എനിക്ക് അയാളുമായി മറ്റൊരു തരത്തിലുള്ള തെറ്റായ ബന്ധവും ഇല്ല. 2025-ലാണ് പോറ്റിയെക്കുറിച്ച് ഇത്തരം വാർത്തകൾ പുറത്തുവരുന്നത്. അതുവരെ ശബരിമലയിൽ അയ്യപ്പഭക്തനായി മാത്രമേ ഞാൻ അയാളെ കണ്ടിട്ടുള്ളൂ.”പോറ്റിയുടെ വീട്ടിൽ പോയി പിതാവിന്റെ ചടങ്ങിൽ പങ്കെടുത്ത് സമ്മാനം നൽകുന്ന ചിത്രത്തെക്കുറിച്ച് കടകംപള്ളി പറഞ്ഞത്: “ഞാൻ വാങ്ങിയ ഉപഹാരമൊന്നുമല്ല അത്. അവിടെ ഇരുന്ന ഒരു സമ്മാനം എടുത്തു കൊടുക്കുകയായിരുന്നു. എന്റെ കൂടെ ഗൺമാനും ഉണ്ടായിരുന്നു. രാജു ഏബ്രഹാമും അവിടെ എത്തിയിരുന്നു.”

Tags:
Next Story
Share it