ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു: ക്രിസ്ത്യൻ സഭകൾ സ്വാഗതം ചെയ്തു
Justice J B Koshy Commission report released

തിരുവനന്തപുരം: ക്രിസ്ത്യൻ സമുദായത്തിന്റെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു.
423 പേജുള്ള ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ക്രൈസ്തവ സമുദായ നേതാക്കളുടെ യോഗത്തിലാണ് പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് റിപ്പോർട്ട് പുറത്തുവിടാനുള്ള തീരുമാനമെടുത്തത്. 2023-ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. യോഗത്തിൽ റിപ്പോർട്ടിലെ ഇതുവരെ നടപ്പാക്കിയ ശുപാർശകൾ വിശദീകരിച്ചു. നടപ്പിലാക്കിയവയും ഇനി നടപ്പാക്കാനുള്ളവയും സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പഠിച്ച ശേഷം സർക്കാരുമായി ചർച്ച നടത്താൻ ഒരു മേൽനോട്ട സമിതി രൂപീകരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
റിപ്പോർട്ടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാർ പഠിച്ച ശേഷം വീണ്ടും യോഗം ചേരാമെന്നും അദ്ദേഹം അറിയിച്ചു.
റിപ്പോർട്ട് പുറത്തുവിട്ട സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ യോഗത്തിൽ സംസാരിച്ചു. വെബ്സൈറ്റിലെ വിവരങ്ങൾ പഠിച്ച ശേഷം വിശദമായ അഭിപ്രായം അറിയിക്കാമെന്ന് വിവിധ സഭാ മേധാവികളും പ്രതിനിധികളും വ്യക്തമാക്കി.
ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം തുടങ്ങിയ ഉദ്യോഗസ്ഥരും വിവിധ ക്രിസ്ത്യൻ സഭാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

