കരുത്തു കാട്ടി ജോസഫ്;ജോസ് കെ മാണി പക്ഷത്തിന് ദയനീയ തിരിച്ചടി

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, പി ജെ ജോസഫിന്റെ കേരള കോൺഗ്രസ് ശക്തി തെളിയിച്ചു. എട്ടിടത്ത് മത്സരിച്ച കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം ഏഴിടത്താണ് ലീഡ് ചെയ്യുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്.അതേസമയം ഇടതുമുന്നണിയിലുള്ള കേരള കോൺഗ്രസ് ( എം) ദയനീയ തിരിച്ചടിയാണ് നേരിട്ടത്. 12 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് (എം ) ന് ഒരു സീറ്റിലും ലീഡ് നേടാനായില്ല. കഴിഞ്ഞ തവണ അഞ്ചു സീറ്റുണ്ടായിരുന്ന കേരള കോൺഗ്രസ് എമ്മാണ് ഇത്തവണ പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണിയും, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനും യുഡിഎഫ് കൊടുങ്കാറ്റിൽ അടിപതറി.പാലായിൽ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫിന്റെ മാണി സി കാപ്പൻ മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ തവണയും പാലായിൽ പരാജയം നേരിട്ട ജോസ് കെ മാണിക്ക് ഇത്തവണ രാഷ്ട്രീയ നിലനിൽപ്പിന് വിജയം അനിവാര്യമായിരുന്നു. ഇടുക്കിയിൽ ഡിസിസി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ റോയ് കെ പൗലോസാണ് മുന്നിട്ടു നിൽക്കുന്നത്. ചീഫ് വിപ്പ് ജയരാജിന്റെ കാഞ്ഞിരപ്പള്ളിയിലും യുഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്.

