മരണാനന്തരം അഞ്ച്പേർക്ക് പുതുജീവനേകി ജിജിൻ;അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം

തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ (37) അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. കരൾ, വൃക്ക, ഹൃദയം, പാൻക്രിയാസ് ഗ്രന്ഥി, കോർണിയ എന്നിവയാണ് ദാനം ചെയ്യുക. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു ജിജിൻ. കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയിൽ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് കാറിന് പിന്നിൽ ജിജിൻ ഓടിച്ച ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ജിജിന് ഗുരുതരമായി പരുക്കേറ്റു.
തുടർന്ന് ജിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്.ഒരു വൃക്കയും നേത്രപടലങ്ങളും നൽകാനുള്ള സ്വീകർത്താക്കളെ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. മൃതസഞ്ജീവനി വഴി മറ്റ് അവയവങ്ങളും നൽക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിച്ചു വരികയാണ്.

