പ്രതിസന്ധികളെ സധൈര്യം നേരിട്ട ജെനീഷ് ; വി ഡി സതീശന്‍ മന്ത്രിസഭയില്‍ ഒ ജെ ജനീഷിന്റെ മാസ് എന്‍ട്രി

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ അതിശയപ്പെടുത്തുന്ന മാസ് എൻട്രിയുമായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജെനീഷ് എത്തിയത് . പല പ്രമുഖൻമാരുടെയും പേരുകൾ മാറി മറിഞ്ഞ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് 37 കാരനായ ജനീഷിന്റെ നറുക്ക് വീഴുന്നത്. ഈഴവ പ്രാതിനിധ്യവും തൃശൂർ ജില്ലയ്ക്കുള്ള പരിഗണനയും യുവത്വത്തിന് നൽകിയ മുൻഗണനയും ജനീഷിന് പ്രാതിനിധ്യം വർധിപ്പിച്ചു . പുതിയ കാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജനീഷ് സ്വന്തം അധ്വാനത്തിൽ പടുത്തുയർത്തർത്തിയതാണ് ജീവിതം.
അമ്മ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. പെരുമ്പാവൂർ പോളിടെക്നിക്കിൽ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർഥിയായിരിക്കെയാണ് ചാലക്കുടിയിലെ ബാർ ജീവനക്കാരനായിരുന്ന അച്ഛൻ ജനരഞ്ജൻ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിക്കുന്നത്. കുടുംബത്തിന്റെ ഭാരം അമ്മ പുഷ്പയുടെ ചുമലിലായിരുന്നു. തൊഴിലുറപ്പ് ജോലിക്കു പോയി രണ്ട് കുഞ്ഞുങ്ങളെ അമ്മ പുഷ്പ പോറ്റി വളർത്തി. വീട്ടിലെ ദുരിതം കണ്ടറിഞ്ഞ ജനീഷ് പഠനച്ചെലവിനായി പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരനായും ഇന്റർനെറ്റ് കഫേയിലെ തൊഴിലാളിയായും പാർട്ട് ടൈം ജോലി ചെയ്തു. ജീവിതസാഹചര്യങ്ങളോട് പടവെട്ടി വന്ന ജനീഷ് ഇന്ന് മന്ത്രിപദം വരെയെത്തിയിരിക്കുകയാണ്.ജീവിതത്തിലെ കഠിന സാഹചര്യങ്ങളിലും മിടുക്കനായി പഠിക്കാൻ മറന്നില്ല ജനീഷ്. കുഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിലും പുത്തൻവേലിക്കര വിസിഎസ്എച്ച്എസ്എസിലുമായിരുന്നു സ്‌കൂൾ പഠനം. പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും, തൃശൂർ ഗവൺമെന്റ് ലോ കോളജിൽ നിന്ന് ബിബിഎ എൽഎൽബി ബിരുദവും നേടി. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. പോളിടെക്നിക്കിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ യാത്ര 2007-ൽ മാള നിയോജകമണ്ഡലം പ്രസിഡന്റ്, 2012-ൽ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, 2017-ൽ ജില്ലാ പ്രസിഡന്റ് എന്നീ പദവികളിലെത്തിച്ചു.യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായും 2020-23 കാലയളവിൽ തൃശൂർ ജില്ലാ പ്രസിഡന്റായും തിളങ്ങി. പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരെ ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ ജനീഷ് നടത്തിയ നിയമയുദ്ധം രാഷ്ട്രീയ കേരളത്തിൽ വലിയ കയ്യടി നേടിക്കൊടുത്തു. മുൻ സർക്കാരിന്റെ നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി 21 ദിവസം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
2023 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജനീഷ്, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായ കൊടുങ്ങല്ലൂരിൽ പാർട്ടി ജനീഷിനെ ഇറക്കുമ്പോൾ കോൺഗ്രസ് നേതൃത്വം പോലും അത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, പരമ്പരാഗത വോട്ടുകൾ ഉറപ്പിച്ചും ഇടതു വോട്ടുകളിൽ വിള്ളലുണ്ടാക്കിയും ജനീഷ് നടത്തിയ പ്രചാരണം ഫലം കണ്ടു. എൽഡിഎഫിലെ അതികായനായ സിപിഐയിലെ വി ആർ സുനിൽകുമാറിനെ 8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സഭയിലെ പുതുമുഖമായ ജനീഷ് പരാജയപ്പെടുത്തിയത്. ആ പോരാട്ടവീര്യത്തിനുള്ള സമ്മാനമായാണ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം ജനീഷ് ഇപ്പോൾ മന്ത്രിസഭയിലേക്ക് എത്തുന്നത്.
തൃശ്ശൂർ ഗവൺമെന്റ് ലോ കോളജിൽ പഠിക്കുമ്പോൾ ഭീകരമായ മർദനമേറ്റ് പലതവണ ആശുപത്രിയിലായി. എങ്കിലും അവകാശപ്പോരാട്ടങ്ങളിൽനിന്ന് ഒരടിപോലും പിന്നോട്ടുപോയില്ല. നവകേരള സദസ്സിനെതിരേയുള്ള പ്രതിഷേധത്തിൽ 21 ദിവസം ജയിൽവാസം അനുഭവിച്ചു. വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ എഴുപതോളം കേസുകളുണ്ട്.

