ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം;സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: ഇറാനെതിരായ ഇസ്രായേൽ-യുഎസ് ആക്രമണം പശ്ചിമേഷ്യയിൽ സംഘർഷത്തിന് വഴിവച്ചതിന് പിന്നാലെ ഇന്ത്യയിൽ കർശന നിരീക്ഷണം. വിദ്വേഷ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അക്രമത്തിന് കാരണമായേക്കാവുന്ന പ്രകോപനപരമായ പ്രസ്താവനകൾ, ഇറാൻ അനുകൂല തീവ്ര നിലപാടുകൾ എന്നിവ നടത്തുന്നവരെ നിരീക്ഷിക്കണം എന്നാണ് കേന്ദ്ര നിർദേശം.ഫെബ്രുവരി 28 നാണ് ഇതുസംബന്ധിച്ച നിർദേശങ്ങളുമായി കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കത്ത് നൽകിയത്. തീവ്രവാദികളുടെയും ആഗോള ഭീകര സംഘടനകളുടെയും സോഷ്യൽ മീഡിയ ഇടപെടലുകൾ നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, ആഗോള സാഹചര്യങ്ങളിൽ പ്രകോപനപരമായ പ്രസ്താവനകൾ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാമെന്നതിനാൽ ജാഗ്രത വർദ്ധിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
അനിഷ്ട സംഭവങ്ങൾ തടയുന്നതിനും സമാധാനവും ശാന്തിയും നിലനിർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. അമേരിക്ക, ഇസ്രയേൽ കോൺസുലേറ്റുകൾ, എംബസികൾ, മറ്റ് നയതന്ത്ര ഓഫീസുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിക്കണം എന്നും സംസ്ഥാനങ്ങൾക്കുള്ള സർക്കുലറിൽ കേന്ദ്രം നിർദേശിച്ചു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ രാജ്യത്തും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഷിയാ മുസ്ലീം വിഭാഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജമ്മു കശ്മീരിൽ പ്രതിഷേധം സംഘർഷഭരിതമായിരുന്നു. ബന്ദിന് ഉൾപ്പെടെ ആഹ്വനം ചെയ്ത സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു.

