ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു; ലക്ഷ്യമിട്ട് ഷാർജയിലെ ഖോര്‍ഫക്കാന്‍ തുറമുഖം

ഷാർജ: ഗൾഫ് രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ ആക്രമണംഅയവില്ലാതെ തുടരുന്നു. യുഎഇയിലെ ഷാർജ ഭരണകൂടത്തിന് കീഴിലുള്ള ഖോർഫക്കാൻ തുറമുഖം ഇറാനിയൻ സേന ലക്ഷ്യം വച്ചതായി റിപ്പോർട്ട്. തുറമുഖത്തിനു നേരെ ഇറാൻ വ്യോമാക്രമണം നടത്തിയെന്നു ഷാർജ തുറമുഖ അധികൃതർ സ്ഥിരീകരിച്ചു.
തുറമുഖത്തു നങ്കൂരമിട്ട ഒരു കപ്പലിനു സമീപം മിസൈൽ വന്നു പതിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
അതിനിടെ ഇറാനെതിരെ ഭീഷണിയും അസഭ്യവർഷവുമായി ട്രംപ് രംഗത്തെത്തി. തിങ്കളാഴ്ചയ്ക്കകം ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നാണ് ട്രംപിന്റെ പ്രതികരണം. കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിൽ ട്രംപ് പറഞ്ഞു.തിങ്കളാഴ്ച നിർണായകമാണെന്നാണ് ട്രംപ് നൽകുന്ന സൂചന. 'പവർ പ്ലാന്റ് ഡേ', 'ബ്രിഡ്ജ് ഡേ' എന്നിങ്ങനെയാണ് ചൊവ്വാഴ്ചയെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന സൂചനയാണിതെന്നാണ് വിലയിരുത്തൽ. ഇറാൻ വെടിവച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിന്റെ അരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവരങ്ങൾക്കൊപ്പമാണ് ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ ഭീഷണിക്കു മറുപടിയുമായി ഇറാൻ ലോക രാഷ്ട്രങ്ങൾ ഇടപെടണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തി. ആക്രമണം കടുപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സംഘർഷത്തിൽ ലോക രാഷ്ട്രങ്ങളുടെ ഇടപെടൽ അഭ്യർഥിച്ച് ഇറാൻ രംഗത്തെത്തിയത്.
ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം ചെയ്യുമെന്ന പ്രഖ്യാപനമാണ്. ട്രംപിന്റെ 'ക്രൂരമായ പ്രവൃത്തികൾ' തടയാൻ ലോകത്തോട് അഭ്യർഥിക്കുന്നു എന്നാണ് ഇറാന്റെ പ്രതികരണം. യുഎന്നിലെ ഇറാൻ പ്രതിനിധിയാണ് അഭ്യർഥനയുമായി രംഗത്തെത്തിയത്.

