Kaumudi Plus

റഷ്യ, ഇറാന്റെ ശത്രുവോ മിത്രമോ? ചര്‍ച്ചകള്‍ സജീവം

Iran-Russia relations

റഷ്യ, ഇറാന്റെ ശത്രുവോ മിത്രമോ? ചര്‍ച്ചകള്‍ സജീവം
X



റഷ്യയും ഇറാനും തമ്മില്‍ എല്ലാക്കാലത്തും നല്ല ബന്ധമാണ്. ഇറാനും സിറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് റഷ്യ. ഇതിനായി ഇറാനിലെയും റഷ്യയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ പ്രസിഡന്റിന്റെ സിറിയക്ക് വേണ്ടിയുള്ള പ്രത്യേക ദൂതന്‍ അലക്‌സാണ്ടര്‍ ലാവ്രെന്റീവ് തിങ്കളാഴ്ച ടെഹ്റാനില്‍, ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിലെയും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അഭ്യൂഹങ്ങള്‍ വര്‍ദ്ധിച്ചത്.

ഒരാഴ്ച ആഴ്ച മുമ്പ്, സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇറാനും സിറിയയും ഡമാസ്‌കസും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ച്, റഷ്യ മിഡില്‍ ഈസ്റ്റിലെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് ഷാര്‍ക്ക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ റഷ്യയില്‍ രാഷ്ട്രീയ അഭയം തേടി കഴിയുന്ന മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിന്റെ പതനത്തിന് ശേഷം ഇറാനും സിറിയയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ബഷാര്‍ അല്‍-അസദിന്റെ കാലഘട്ടത്തിന് ശേഷം ഇറാനും സിറിയയും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും ഷാര്‍ക്ക് പറയുന്നു. ഇറാനുമായുള്ള ഉഭയകക്ഷി ബന്ധവും സുരക്ഷാ ഏകോപനവും നിലനിര്‍ത്താനും, സിറിയയിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കാനും, പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നത് തടയാനുമാണ് റഷ്യയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുധനാഴ്ച നടത്തിയ റഷ്യയുടെ മധ്യസ്ഥ ശ്രമങ്ങള്‍ രണ്ട് പ്രധാന വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അസ്ര്‍-ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തു: ഇറാനും സിറിയയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കല്‍, അവരുടെ സാമ്പത്തിക ബന്ധങ്ങളുടെ ഭാവി.

റഷ്യയുമായുള്ള ഇറാന്റെ വളര്‍ന്നുവരുന്ന ബന്ധത്തെ ചില ഇറാനിയന്‍ നിരീക്ഷകര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. റഷ്യ വിശ്വസനീയമായ ഒരു സഖ്യകക്ഷിയല്ലെന്നാണ് ഇവരുടെ വാദം. റഷ്യയുടെ തന്ത്രം ഇതിനകം തന്നെ തിരിച്ചടിച്ചിട്ടുണ്ടെന്നും അവര്‍ വാദിക്കുന്നു.

ടെഹ്റാനും പടിഞ്ഞാറും തമ്മിലുള്ള ഏറ്റുമുട്ടലിനെ സ്വന്തം താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി മോസ്‌കോ നിരന്തരം ഉപയോഗിച്ചിട്ടുണ്ടെന്ന് മുന്‍കാല അനുഭവം വ്യക്തമാക്കുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ റൗയ്ദാദ് 24-ന്റെ നിരീക്ഷണം.

അതിന്റെ താല്‍പ്പര്യങ്ങള്‍ നടപ്പിലാകുന്ന നിമിഷം മോസ്‌കോ, ടെഹ്റാനെ ഉപേക്ഷിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധനും മുന്‍ രാഷ്ട്രീയ തടവുകാരനുമായ അബ്ബാസ് അബ്ദി മുന്നറിയിപ്പ് നല്‍കുന്നു.

ആവശ്യമെന്ന് തോന്നിയാല്‍ റഷ്യ ബഷര്‍ അല്‍-അസദിനെ കൈമാറാന്‍ പോലും തയ്യാറാകുമെന്നും അബ്ദി പറഞ്ഞു. പ്രായോഗികതയില്‍ ഊന്നിയതാണ് റഷ്യയുടെ പ്രവര്‍ത്തനങ്ങളെന്നും അതില്‍ മറ്റൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് റഷ്യ, ഒരു മധ്യസ്ഥനായി പ്രവര്‍ത്തിച്ചേക്കുമെന്ന് മുന്‍ പാര്‍ലമെന്റേറിയന്‍ മന്‍സൂര്‍ ഹാഗിഗത്പൂര്‍ ഉള്‍പ്പെടെയുള്ള ചില ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

ഇറാന്റെ പ്രാദേശിക, അന്തര്‍ദേശീയ ഭാവി രൂപപ്പെടുത്തുന്നതില്‍ റഷ്യയുടെ പങ്കിനെക്കുറിച്ചുള്ള ഒരു പുതിയ ചര്‍ച്ചയ്ക്ക് ഇത് തിരികൊളുത്തിയിട്ടുണ്ട്.

മോസ്‌കോ, ഇടനിലക്കാരനോ പുതിയ കെണിയോ? എന്നാണ് റൂയിദാദ് 24 വാര്‍ത്താ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ ഉയര്‍ത്തുന്ന ചോദ്യം. അത്തരം മധ്യസ്ഥ ശ്രമങ്ങള്‍ ആത്യന്തികമായി ഇറാനെ ദോഷകരമായി ബാധിക്കുമെന്നും റൂയ്ദാദ് 24 വാര്‍ത്താ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

ടെഹ്റാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെ സ്വന്തം താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു സ്വാധീനമായി മോസ്‌കോ നിരന്തരം ഉപയോഗിച്ചിട്ടുണ്ടെന്ന് മുന്‍കാല അനുഭവങ്ങള്‍ കാണിക്കുന്നുവെന്നും നീരീക്ഷണത്തില്‍ പറയുന്നു.

Next Story
Share it