ആയത്തുള്ള ഖമനേയി ജീവനോടെയുണ്ട്: അഭ്യൂഹങ്ങൾ തള്ളി ഇറാൻ വിദേശകാര്യമന്ത്രി
Iran officially refutes rumors of Supreme Leader Khamenei's death. Foreign Minister Abbas Araghchi confirms Khamenei is 'alive

ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും ചേർന്ന നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായി നിഷേധിച്ചു.
എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: തനിക്കറിയാവുന്നിടത്തോളം ഖമനേയി ജീവനോടെയുണ്ട്. മിക്ക ഉന്നത ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമാണ്. ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടിരിക്കാമെങ്കിലും അത് വലിയ പ്രശ്നമല്ല.
ഇറാൻ വിദേശകാര്യമന്ത്രി എക്സിലൂടെ കൂട്ടിച്ചേർത്തു: നെതന്യാഹുവും ട്രംപും പ്രകോപനമില്ലാതെയും നിയമവിരുദ്ധമായും ഇറാനെതിരെ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ആക്രമണകാരികളെ അവർ അർഹിക്കുന്ന പാഠം പഠിപ്പിക്കും. സായുധസേന പൂർണമായും തയ്യാറാണ്.
ഇറാന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ എല്ലാ പ്രതിരോധ, സൈനിക ശേഷികളും ഉപയോഗിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലെ ഇറാന്റെ ആക്രമണങ്ങളെ അദ്ദേഹം ന്യായീകരിച്ചു. അമേരിക്കയെയും സയണിസ്റ്റ് ഭരണകൂടത്തെയും അവരുടെ സൗകര്യങ്ങളോ പ്രദേശങ്ങളോ ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തുന്നതിൽ നിന്ന് തടയാൻ എല്ലാ പ്രാദേശിക രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അമേരിക്കയും ഇസ്രയേലും അടിച്ചേൽപ്പിച്ച ഈ യുദ്ധം ഇറാനിയൻ ജനതയ്ക്കെതിരെ മാത്രമല്ല, മേഖലയിലെ മുഴുവൻ രാജ്യങ്ങൾക്കുമെതിരെയാണെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി.

