അശ്ലീല ഉള്ളടക്കം ;ഇലോൺ മസ്കിന്റെ ഗ്രോക്കിന് നിരോധനം ഏർപ്പെടുത്തി ഇന്തോനേഷ്യയും മലേഷ്യയും

ക്വാലാലംപൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇലോണ്‍ മസ്കിന്റെ ഗ്രോക്കിന് നിരോധനം ഏര്‍പ്പെടുത്തി ഇന്തോനേഷ്യയും മലേഷ്യയും.
ലൈംഗിക ചിത്രങ്ങള്‍ സൃഷ്ടിക്കാനും പ്രസിദ്ധീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു എന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇലോണ്‍ മസ്കിന്റെ എക്സ് എഐ രൂപം നല്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടിനെ ആദ്യമായി നിരോധിക്കുന്ന രാജ്യങ്ങളാണ് ഇന്തോനേഷ്യയും മലേഷ്യയും.
എ ഐയിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ചാറ്റ്ബോട്ട് സസ്പെന്‍ഡ് ചെയ്തതെന്ന് മലേഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു.
സ്ത്രീകളുടേയും പ്രായപൂര്‍ത്തിയാകാത്തവരുടേയും ചിത്രങ്ങളെ ലൈംഗികവത്കരിക്കാനും, അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനും ഗ്രോക്ക് ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്.
തങ്ങളുടെ പൗരന്മാരുടെ അന്തസും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ആപ്പിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതെന്ന് മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ കമീഷന് പ്രസ്താവനയില്‍ അറിയിച്ചു.
ഗ്രോക്കിന്റെ പ്രവര്‍ത്തനങ്ങളിലെ നിയമ വിരുദ്ധത ചൂണ്ടിക്കാട്ടി കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ചയാണ് ഇന്തോനേഷ്യ ആപ്പിന്റെ പ്രവര്‍ത്തനം സസ്പെന്‍ഡ് ചെയ്തത്.
ഇതിന് പിന്നാലെ സബ്സ്ക്രൈബേഴ്സിന് മാത്രമായി ആപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരുന്നു.
അശ്ലീല ഉള്ളടക്കങ്ങളുടെ പേരില്‍ ആഗോള തലത്തില്‍ ഗ്രോക്കിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും നിരോധനത്തിന് മുതിരുന്നത്.
ഇന്തോനേഷ്യക്കും മലേഷ്യക്കും പുറമെ ഇന്ത്യ, ബ്രിട്ടണ്, ചില യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ എന്നിവയും ഇതേ വിഷയത്തില്‍ എക്സിന് എതിരെ രംഗത്തെത്തിയിരുന്നു.

