ഇന്ത്യയുടെ സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ 9 ലക്ഷം കിലോഗ്രാം സ്വര്‍ണം
2025 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് റിസര്‍വ് ബാങ്കിന്റെ കരുതല്‍ സ്വര്‍ണ്ണശേഖരം 880 മെട്രിക് ടണ്ണായി (ഏകദേശം 9 ലക്ഷം കിലോഗ്രാം) ഉയര്‍ന്നിട്ടുണ്ട്.

ന്യൂഡല്‍ഹി : ഇന്ത്യയുടെ സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ വന്‍വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തില്‍ സ്വര്‍ണ്ണത്തിന്റെ പങ്ക് 2025 മാര്‍ച്ച് അവസാനം 11.70 ശതമാനമായിരുന്നത് 2025 സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം 13.92 ശതമാനമായി വര്‍ദ്ധിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ്ണ ശേഖരം 25.45 മെട്രിക് ടണ്‍ ആണ് വര്‍ദ്ധിച്ചിട്ടുള്ളത്.
2025 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് റിസര്‍വ് ബാങ്കിന്റെ കരുതല്‍ സ്വര്‍ണ്ണശേഖരം 880 മെട്രിക് ടണ്ണായി (ഏകദേശം 9 ലക്ഷം കിലോഗ്രാം) ഉയര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച പുറത്തിറക്കിയ അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടില്‍ ആണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കരുതല്‍ സ്വര്‍ണ്ണ ശേഖരത്തില്‍ 575.82 മെട്രിക് ടണ്‍ സ്വര്‍ണ്ണ ശേഖരം ഇന്ത്യ ആഭ്യന്തരമായി സൂക്ഷിച്ചിരിക്കുകയാണ്. 290.37 മെട്രിക് ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ട് (BoE), ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് (BIS) എന്നിവയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 13.99 മെട്രിക് ടണ്‍ സ്വര്‍ണ്ണം റിസര്‍വ് ബാങ്ക് നിക്ഷേപമായി സൂക്ഷിക്കുകയും ചെയ്യുന്നു.

