എസ്‌ഐ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ഉടന്‍ നിയമന ഉത്തരവ് ;നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജൂൺ 9ന് കാലാവധി തീരുന്ന സാഹചര്യത്തിൽ എസ്‌ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി . പട്ടികയിലുള്ള 43 പേർക്ക് നിയമനം നൽകാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത് . പിഎസ് സി റാങ്ക് പട്ടികളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും എസ്‌ഐ റാങ്ക് പട്ടികയ്ക്ക് ഇത് ബാധകമായിരുന്നില്ല. റാങ്ക് പട്ടിയിൽ ഉൾപ്പെട്ടവർ രമേശ് ചെന്നിത്തലക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.കാലാവധി തീരാൻ ദിവസങ്ങൾ മാത്രമുള്ള സബ് ഇൻസ്പക്ടർ റാങ്ക് ലിസ്റ്റിൽപ്പെടുന്ന 43 പേർക്ക് നിയമനം ലഭ്യമാക്കാൻ ആണ് മന്ത്രി രമേശ് ചെന്നിത്തല അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.
2025 ജൂൺ ഒമ്പതിനാണ് സബ് ഇൻസ്പ്ക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂൺ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതോടെ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു ഉദ്യോഗാർഥികൾ.യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഉടൻ തന്നെയാണ് പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടിയത്. എന്നാൽ ഈ ഉത്തരവ് എസ്‌ഐ റാങ്ക് പട്ടികയ്ക്ക് ബാധകമല്ലായിരുന്നു. ഇതോടെയാണ് ഉദ്യോഗാർഥികൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവെച്ചത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാർഥികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിർദേശം നൽകുകയായിരുന്നു.

