കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസ് ; ഇന്ന് വിചാരണ തുടങ്ങും

കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. സേലം ധർമ്മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മയെ (52) ബലി നൽകിയെന്ന കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയായിരുന്നു നരബലി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിൽ ജഡ്ജി ടി. മധുസൂദനൻ വാദം കേൾക്കും. കാലടി മറ്റൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലിൻ (49) തിരോധാനക്കേസിൽ 12ന് വിചാരണ തുടങ്ങും.
2022 ഒക്ടോബർ 27ന് കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത തിരോധാനക്കേസാണ് കൊലക്കേസായി മാറിയത്. 90 ദിവസത്തിനുള്ളിൽ കാലടി പൊലീസും കടവന്ത്ര പൊലീസും കുറ്റപത്രം നൽകി. ആഭിചാര പൂജകൾക്കിടെയായിരുന്നു നരബലികൾ നടന്നത്. 15 ലക്ഷം രൂപ പ്രതിഫലത്തിൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് പദ്മയെയും റോസ്ലിനെയും കഴുത്തറുത്ത് ബലിയർപ്പിക്കുകയായിരുന്നു. പദ്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണ് റോസ്ലിനെയും നരബലി നൽകിയെന്ന് ഭഗവൽ സിങ് വെളിപ്പെടുത്തിയത്.

