IFFK കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനം ; ഡോ. ദിവ്യ എസ്. അയ്യർ

കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ.
30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും ടാഗോർ തിയേറ്ററിൽ നിർവഹിക്കവെ ആണ് ഇക്കാര്യം വ്യക്തമാക്കിയത് .
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും നടിയുമായ ലിജോമോൾ ജോസ് ഡോ. ദിവ്യ എസ്. അയ്യരിൽ നിന്ന് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി.
ചലച്ചിത്രങ്ങൾ ഒരു പുസ്തകം പോലെയാണ്. എഴുത്തുകാരൻ എഴുതിക്കഴിയുമ്പോൾ പുസ്തകം അപൂർണ്ണമായിരിക്കും.
അത് വായനക്കാരന്റെ ഹൃദയത്തിൽ എത്തി പൂർണ്ണമാകുന്നതു പോലെയാണ് ഓരോ സിനിമയുമെന്ന് ദിവ്യ എസ്. അയ്യർ പറഞ്ഞു.
നമ്മൾ ഒരുമിച്ച് സിനിമ കാണുമ്പോൾ, അതിൽനിന്ന് ഉൾക്കൊള്ളുന്നത് മറ്റൊരു സിനിമയാണ്.
നമ്മളെ മാറ്റാൻ കഴിയുന്ന സിനിമകൾ നിർമിക്കാൻ മലയാളത്തിന് സാധിക്കുന്നുവെന്നത് വിലമതിക്കാനാവാത്ത ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.

