മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യസൂത്രധാരൻമാവേലിക്കര സ്വദേശി ബിലാൽ എന്നറിയപ്പെടുന്ന ശ്രീകുമാർ അറസ്റ്റിൽ. മരട് പൊലീസാണ് ഇയാളെ പിടികൂടിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസിൽ മൂന്നു സ്ത്രീകൾ അടക്കം നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്.മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തെത്തിച്ച് പെൺവാണിഭം നടത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ബിലാൽ എന്ന ശ്രീകുമാറെന്ന് പൊലീസ് സൂചിപ്പിച്ചു. യുവതികളെ വിദേശത്തേക്ക് കടത്തുന്നതിൽ ബിലാൽ സുപ്രധാന പങ്കു വഹിച്ചിരുന്നു. ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
കേസിൽ ആദ്യം അഞ്ചുപേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. അതിൽ സിന്ധു, മഞ്ജിമ, അലീന എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ടുപേർ വിദേശത്താണ്. ഇരകളെ വിസിറ്റിങ്ങ് വിസകളിലാണ് ദുബായിൽ എത്തിച്ചിരുന്നത്. സെക്‌സ് റാക്കറ്റ് ഇടപാടിൽ കൂടുതൽ പേർക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചിട്ടുണ്ട്.അറസ്റ്റിലായ സിന്ധു(സ്‌റ്റോയ്‌സി)വിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. കേരളത്തിൽനിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധുവാണ് ഇടപാടുകാർക്ക് അയച്ചുകൊടുത്തിരുന്നത്. ഇവരുമായി വിലപേശുന്നതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു. ഇടപാടുകാരിൽ ചിലരിൽനിന്നുള്ള വാട്സാപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു.ദുബായിൽ ജോലി ലഭിക്കാൻ നാലു ലക്ഷം രൂപമുതലാണ് സിന്ധുവും സംഘവും യുവതികളിൽനിന്ന് വാങ്ങിയത്. തുക മുഴുവൻ വാങ്ങിയശേഷമാണ് ഇവരെ വിദേശത്ത് എത്തിച്ചത്.

