ചരിത്രനേട്ടം ;അസം മുഖ്യമന്ത്രിയായി ഹിമന്ദ വിശ്വശര്‍മ നാളെ അധികാരമേല്‍ക്കും

ഗുവഹാത്തി: ഹിമന്ത വിശ്വശർമക്ക് ഇത് ചരിത്രനേട്ടം . മുഖ്യമന്ത്രിയായി ഹിമന്ദ നാളെ അധികാരമേൽക്കും. ഇത് രണ്ടാം തവണയാണ് ഹിമന്ദ അസമിന്റെ മുഖ്യമന്ത്രിയാകുന്നത്. അസമിൽ തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയാകുന്ന കോൺഗ്രസ് ഇതര നേതാവ് കൂടിയാണ് ഹിമന്ത. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർ പങ്കെടുക്കും.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചാണക്യൻ എന്നാണ് ഹിമന്ദ അറിയപ്പെടുന്നത്. അമിത്ഷായുടെ നോർത്ത് ഈസ്റ്റ് പതിപ്പെന്നും ചിലർ ഹിമന്ദയെ വാഴ്ത്തി. 2015ൽ കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്ന ഹിമന്ദയാണ് ഏതാനും വർഷങ്ങൾക്കുളളിൽ മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും 'കോൺഗ്രസ് മുക്ത'മാക്കുന്നതിൽ നെടുന്തൂണായി നിന്നത്.
2016ൽ അസം തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ആദ്യ ജയമായിരുന്നു അത്. കോൺഗ്രസിനെ പിളർത്തി ഹിമന്ദ നടത്തിയ നീക്കമാണ് ബിജെപിയെ അസമിൽ അധികാരത്തിലെത്തിച്ചെതെന്നത് ചരിത്രം.പിന്നാലെ മുഴുവൻ വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയോ, ബിജെപി പങ്കുള്ള സർക്കാരുകളോ അധികാരം ഉറപ്പിച്ചു. അന്ന് എൻഡിഎ കൺവീനർ എന്ന നിലയിൽ ഹിമന്ദയായിരുന്നു തന്ത്രങ്ങൾ മെനഞ്ഞത്. ഹിമന്ദയുടെ ഇടപെടലുകൾ അദ്ദേഹത്തിന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചാണക്യൻ എന്ന പേര് സമ്മാനിച്ചു. പുതിയ രാഷ്ട്രീയകൂട്ടുകെട്ടുകളും എതിരാളികളെ അവരുടെ പാളയത്തിൽ നിന്ന് ചാടിക്കാനും കാണിച്ച സാമർഥ്യം മുതിർന്ന ബിജെപി നേതാക്കളെപ്പോലും അമ്പരിപ്പിച്ചു.
ഹിമന്ദയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് മുന്നിൽ പലപ്പോഴും മുഖ്യമന്ത്രി സർബാന്ദ സോനോവാൾ വെറും നിഴൽ മാത്രമായി മാറി. 2021ലെ തെരഞ്ഞെടുപ്പിൽ സർബാനന്ദ മത്സരിച്ച് എംഎൽഎയായെങ്കിലും മുഖ്യമന്ത്രിക്കസേരയിൽ എത്തിയത് ഹിമന്ദയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മുഖമായി അറിയപ്പെട്ട ഹിമന്ദ മുഖ്യമന്ത്രി കസേരയിൽ എത്തിയതിന് പിന്നാലെ തീവ്ര പ്രാദേശിക നേതാവ് എന്ന നിലയിലേക്ക് മാറുന്നതാണ് രാജ്യം കണ്ടത്. പലപ്പോഴും ഹിമന്ദയുടെ ഇത്തരം തീവ്രവാദ പരാമർശങ്ങൾ വലിയ വിവാദത്തിന് കാരണമായി. എന്നാൽ ഒരിക്കൽപ്പോലും താൻ വിദ്വേഷ പ്രസംഗങ്ങളോ പരാമർശങ്ങളോ നടത്താറില്ലെന്നാണ് ഹിമന്ദയുടെ വാദം. ഏതൊരു പ്രസംഗം നടത്തുമ്പോഴും താൻ വളരെ ആലോചിച്ചേ ചെയ്യാറുള്ളു. പറയുന്ന കാര്യങ്ങൡ ഉറച്ചുനിൽക്കുകയെന്നതാണ് തന്റെ ബോധ്യമെന്നും ഹിമന്ദ പലപ്പോഴായി ആവർത്തിച്ചു.
പല രാഷ്ട്രീയ നിരീക്ഷകർക്കും അസമിലെ യാഥാർഥ്യങ്ങൾ മനസ്സിലാകുന്നില്ലെന്നാണ് ശർമ പറയുന്നത് . 'അസമിലെ ജനങ്ങൾ വലിയൊരു പ്രശ്‌നത്തിലാണ്. ഞങ്ങളുടെ സ്വത്വത്തെയും ഭാവിയെയും കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. ജനസംഖ്യാപരമായ പോരാട്ടത്തിൽ ഹിന്ദുക്കൾ വളരെ പിന്നിലാണ്. ഈ സെൻസസ് പ്രകാരം അസമിലെ മുസ്ലിം ജനസംഖ്യ 40 ശതമാനമാകും. 12-13 ജില്ലകളിൽ ഞങ്ങൾ പൂർണ്ണമായും ന്യൂനപക്ഷമായി മാറിക്കഴിഞ്ഞു,' ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പ്രധാന കാരണങ്ങൾ ഇവയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഹിന്ദുക്കളെ ഏകീകരിപ്പിക്കുന്നതിൽ ഹിമന്ദയുടെ തന്ത്രം വിജയിച്ചുവെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. 126 സീറ്റിൽ 82 സീറ്റുകൾ നേടിയാണ് ബിജെപിയുടെ ഹാട്രിക് വിജയം. കോൺഗ്രസ് വെറും 19 സീറ്റുകളിൽ ഒതുങ്ങി.
വോട്ട് ചോരി, മണ്ഡല പുനർനിർണയം, ബംഗ്ലദേശിൽ നിന്ന് കുടിയേറുന്നവർക്കും പൗരത്വം നഷ്ടപ്പെട്ടവർക്കും എതിരെ ബിജെപി എടുത്ത നിലപാടുകൾ എന്നിവയും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വലിയ ചർച്ചയായിരുന്നു. അതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് ബിജെപി നടത്തിയത്. അസമിന്റെ മുഖ്യമന്ത്രിയാകുക എന്നത് ഹിമന്ദയുടെ വിദ്യാർത്ഥി രാഷ്ട്രീയം തൊട്ടുള്ള ലക്ഷ്യമായിരുന്നു. അത് കഴിഞ്ഞ തവണ യാഥാർഥ്യമായി. ആ കസേരയിൽ തുടരുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതിന്റെ ഭാഗമായാണ് ഹിമന്ദയുടെ അതിതീവ്ര നിലപാടുകളെന്നാണ് ഇവർ പറയുന്നത്.

