കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യാ വളര്‍ച്ച നിരക്ക് കുറയുന്നു ;ജനനത്തെക്കാൾ മരണനിരക്കിൽ വർധന

തിരുവനന്തപുരം: കേരളത്തിൽഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ ഒരു വർഷത്തിനിടെ ജനനങ്ങളേക്കാൾ കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തുന്നു ഇക്കാരണത്താൽ ഈ സമുദായങ്ങളിൽ സ്വാഭാവിക വളർച്ചാ നിരക്ക് നെഗറ്റീവ് ആയി മാറിയിരിക്കുകയാണ്. കഴിഞ്ഞ പത്തുവർഷത്തെ ഔദ്യോഗിക കണക്കുകൾ വിശകലനം ചെയ്താൽ ഈ രണ്ട് സമുദായങ്ങളിലും ജനനവും മരണവും തമ്മിലുള്ള വ്യത്യാസം വർദ്ധിച്ചുവരികയാണെന്നാണ് വ്യക്തമാകുന്നത്.
മരണങ്ങളേക്കാൾ കൂടുതൽ ജനനങ്ങൾ രേഖപ്പെടുത്തുന്ന മുസ്ലീം ജനസംഖ്യ കാരണമാണ് കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക വളർച്ചാ നിരക്ക് ഇപ്പോഴും പോസിറ്റീവായി തുടരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2014 മുതൽ 2023 വരെയുള്ള വാർഷിക സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടുകളിൽ നിന്നുള്ള ജനന-മരണങ്ങളുടെ കൃത്യമായ എണ്ണം കണക്കിലെടുത്താണ് സ്വാഭാവിക വളർച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്.ഏറ്റവും പുതിയ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് ലഭ്യമായ 2023ൽ കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക വളർച്ചാ നിരക്ക് 0.249% ആയിരുന്നു. 100 പേരിൽ ജനനങ്ങളിൽ നിന്ന് മരണം കുറയ്ക്കുമ്പോൾ ലഭിക്കുന്നതാണ് സ്വാഭാവിക വളർച്ചാ നിരക്ക്. ഇതിൽ ഹിന്ദുക്കളുടേത് -0.115 ശതമാനവും ക്രിസ്ത്യാനികളുടേത് -0.084 ശതമാനവുമാണ്. ഒരു സമുദായത്തിന് ജനനങ്ങളിലൂടെ മാത്രം തങ്ങളുടെ ജനസംഖ്യ നിലനിർത്താൻ (പകരം വെക്കാൻ) ഇനി സാധിക്കില്ല എന്നാണ് നെഗറ്റീവ് സ്വാഭാവിക വളർച്ചാ നിരക്ക് അർത്ഥമാക്കുന്നത്. ഹിന്ദുക്കൾക്ക് ഇത് തുടർച്ചയായ രണ്ടാം വർഷമാണ് നിരക്ക് നെഗറ്റീവാകുന്നത്. ക്രിസ്ത്യാനികൾക്ക് ഇത് മൂന്നാമത്തെ വർഷവുമാണ്. ഹിന്ദുക്കളുടെ സ്വാഭാവിക വളർച്ചാ നിരക്ക് 2022ലാണ് ആദ്യമായി നെഗറ്റീവ് ആയത്. -0.080 ശതമാനം. ആതിന് ശേഷം 2023ൽ -0.115 ശതമാനമായി വീണ്ടും കുറഞ്ഞു. അതേസമയം ക്രിസ്ത്യാനികൾ 2021 മുതൽ തന്നെ നെഗറ്റീവ് മേഖലയിലാണ്. -0.095 ശതമാനത്തിൽ നിന്ന് 2023ൽ ഇത് -0.084 ശതമാനമായാണ് കുറഞ്ഞത്.
'ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളാണ് കേരളത്തെ നെഗറ്റീവ് സ്വാഭാവിക വളർച്ചാ നിരക്കിലേക്ക് നയിക്കുന്നത്. ഈ വിഭാഗങ്ങളിലെ ജനസംഖ്യാ തകർച്ച പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഉയർന്ന ക്ലാസ് (ഉപരിവർഗ്ഗ) സമൂഹങ്ങളിൽ ആരംഭിച്ചിരുന്നു'- കേരള യൂണിവേഴ്‌സിറ്റിയിലെ ഡെമോഗ്രാഫി (ജനസംഖ്യാശാസ്ത്രം) വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനിൽ ചന്ദ്രൻ എസ് പറയുന്നു.
2041-ഓടെ കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക ജനസംഖ്യാ വളർച്ചാ നിരക്ക് നെഗറ്റീവ് ആകുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. കേരളം പ്രായമായവർ കൂടുതലുള്ള ഒരു സമൂഹമായി മാറുമ്പോൾ, ആദ്യമായി നെഗറ്റീവ് നിരക്കിലേക്ക് കടന്ന സമുദായങ്ങളായിരിക്കും അതിന്റെ പ്രത്യാഘാതങ്ങൾ ആദ്യം നേരിടേണ്ടി വരികയെന്നും അനിൽ ചന്ദ്രൻ പറഞ്ഞു.
മുസ്ലീം സമുദായത്തിൽ പോസിറ്റീവ് സ്വാഭാവിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അതിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ഇതിൽ 35 ശതമാനം ഇടിവുണ്ടായി. അതായത് 2014ൽ 1.898% ആയിരുന്നത് 2023-ൽ 1.229% ആയി കുറഞ്ഞു.
മുസ്ലീം സമുദായവും ഇതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അനിൽ ചന്ദ്രൻ പറയുന്നു. 'മുസ്ലീങ്ങളുടെ ജനനനിരക്കും സ്വാഭാവിക വളർച്ചാ നിരക്കും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക വളർച്ചാ നിരക്ക് നെഗറ്റീവ് ആയി മാറി രണ്ട് പതിറ്റാണ്ടിനുള്ളിൽ ഈ സമുദായവും നെഗറ്റീവ് കണക്കുകൾ രേഖപ്പെടുത്തുമെന്നും അദ്ദേഹം പ്രവചിച്ചു.ഹിന്ദു സമുദായത്തിൽ ജനനങ്ങൾ 2014ൽ 2,31,031 ആയിരുന്നത് 2023ൽ 1,58,399 ആയി കുറഞ്ഞു. ഏകദേശം 31 ശതമാനം ഇടിവ്. ഇതേ കാലയളവിൽ മരണങ്ങൾ 1,50,159ൽ നിന്ന് 1,80,971 ആയി ഉയർന്നു. ക്രിസ്ത്യൻ സമുദായത്തിൽ ജനനങ്ങൾ 32 ശതമാനം കുറഞ്ഞു (83,616ൽ നിന്ന് 56,810 ആയി). അതേസമയം മരണങ്ങൾ 24 ശതമാനം വർദ്ധിച്ചു. 2014ൽ 50,095 ആയിരുന്നത് 2023-ൽ 62,338 ആയി ഉയർന്നു. എന്നാൽ മുസ്ലീം സമുദായത്തിൽ ജനനങ്ങളിൽ 19.3 ശതമാനം കുറവുണ്ടായി (2,18,437ൽ നിന്ന് 1,76,312 ആയി). ഈ ദശകത്തിൽ മരണങ്ങൾ 28.1 ശതമാനം വർദ്ധിച്ചു (46,468ൽ നിന്ന് 59,541 ആയി). എങ്കിലും, നിലവിൽ മരണങ്ങളേക്കാൾ കൂടുതൽ ജനനങ്ങൾ ഉള്ളതിനാൽ ഈ സമുദായം തൽക്കാലം പോസിറ്റീവ് നിരക്കിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.

