ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യം സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനുള്ള സാധ്യത പരിഗണിച്ച് സെഷൻസ് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടിരുന്നു.പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഉൾപ്പെടെ അലംഭാവം കാണിച്ച് ഏറെ വിവാദം സൃഷ്ടിച്ച കേസാണിത്. 8 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വിചാരണ തുടങ്ങിയത്. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമം തടയാൻ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവർക്കും പരിക്കേറ്റിരുന്നു. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി കെ പത്മനാഭൻ ഹാജരായി.ആകാശ് തില്ലങ്കേരി (31), റജിൽ രാജ് (32), എ. ജിതിൻ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്‌കർ (34) എന്നിവാരാണ് ഒന്നു മുതൽ അഞ്ച് വരെ പ്രതികൾ. സാജ് നിവാസിൽ കെ. ബൈജു (44), തില്ലങ്കേരി ആലയാട് പുതിയപുരയിൽ പി.പി. അൻവർ സാദത്ത് (31), പാലയോടുമുട്ടിൽ കെ. അഖിൽ (31), തെരൂർ സാജ് നിവാസിൽ കെ. സഞ്ജയ് (29), രജത് നിവാസിൽ കെ. രജത് (30), എളമ്പാറ കമ്മാനം കാട്ടൂർ ഹൗസിൽ കെ.വി. സംഗീത് (30), മട്ടന്നൂർ കിളിയങ്ങാട് മേറ്റടി പുതിയവീട്ടിൽ പി.കെ. അഭിനാഷ് (27) എടയന്നൂർ പാലയോട് തെരൂർ കുട്ടിക്കുന്ന് നിലാവ് ഹൗസിൽ സി. നിജിൽ (35), എളമ്പാറ അഭിനന്ദനം ഹൗസിൽ കെ.പി. പ്രശാന്ത് (56), പാലയോട് തെരൂർ പാലത്താൻകുന്ന് എ.പി. സിനീഷ് (37) മുട്ടിൽ ഹൗസിൽ എ.കെ. സുബീൻ (33), മുഴക്കുന്ന് ഗ്രാമം കേളോത്ത് ഹൗസിൽ വി. പ്രജിത്ത് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

