സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുമാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ തമിഴ്നാട് തീരത്തിന് മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ വടക്കൻ തീരദേശ തമിഴ്നാടിന് മുകളിലായി സ്ഥിതി ചെയ്യുന്നു.തമിഴ്നാട് തീരത്തെ ചക്രവാതച്ചുഴി കടന്നുപോകുന്ന ഒരു ന്യൂനമർദപാത്തി ഭൂമധ്യരേഖയ്ക്ക് വടക്ക് 11 ഡിഗ്രി അക്ഷാംശത്തിന് സമീപത്തായി രൂപപ്പെട്ടിട്ടുണ്ട്. തെക്കൻ തീരദേശ ആന്ധ്ര പ്രദേശിനും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

