തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ;പിണറായി വിജയന്റെ അഹങ്കാരം തോല്‍വിക്കിടയാക്കി, എം വി ഗോവിന്ദന് ധാര്‍ഷ്ട്യം;വിമർശനം

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എം വി ഗോവിന്ദനെതിരെയും കനത്ത വിമർശനമുയർന്നത് പാർട്ടി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. ചരിത്രത്തിലാദ്യമായാണ് കണ്ണൂരിൽ പാർട്ടി പി ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ തുറന്ന വിമർശനമുയരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കൂട്ടുത്തരവാദിത്വം കാണിക്കുന്നില്ലെന്നും തളിപ്പറമ്പ്, പയ്യന്നൂർ വിഷയങ്ങളിൽ അപക്വമായി ഇടപെട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും ആരോപണം ഉയർന്നു.പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിക്കുന്നത് ഏകാധിപത്യ ശൈലിയും ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും ധാർഷ്ട്യവുമാണെന്നാണ് പ്രധാന വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരവും തോൽവിക്കിടയാക്കിയെന്ന വിമർശനവും മറയില്ലാതെ പുറത്തുവന്നു. ഇന്നലെ അഴീക്കോടൻ മന്ദിരത്തിൽ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ് അവലോകന യോഗം ഒരു പകൽ മുഴുവൻ നീണ്ടുനിന്നു. നേതൃത്വത്തിനെതിരെ അതി രൂക്ഷ വിമർശനമാണ് ഉയർന്നത്.
ഭരണവിരുദ്ധ വികാരമല്ല, പിണറായി വിജയന്റേയും എംവി ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് പ്രധാന വിമർശനം. പയ്യന്നൂരിൽ അമിത ആത്മവിശ്വാസം ഉണ്ടായെന്നും തളിപ്പറമ്പിലെ സ്ഥാനാർഥി നിർണ്ണയ ശൈലിക്കെതിരെയും വിമർശനം ഉയർന്നു. പയ്യന്നൂരിൽ അമിത ആത്മവിശ്വാസം ഉണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പാർട്ടി അംഗങ്ങൾ ആരോപിച്ചു.
വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോർച്ചയുണ്ടായി. അമിത ആത്മവിശ്വാസമാണ് ഇവിടെയും തിരിച്ചടിയായത്. പാർട്ടി തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്ന് വ്യക്തമായതായും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ആന്തൂർ, മലപ്പട്ടം, മയ്യിൽ പോലുള്ള മേഖലകളിൽ കണ്ടത് ഇതാണ്. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു പിണറായി വിജയന്റെ പെരുമാറ്റം. തെരഞ്ഞെടുപ്പ് സമയത്ത് വീട്ടിൽ പോയി ചോദിക്ക് എന്ന് പിണറായി വിജയൻ പറഞ്ഞത് ചൂണ്ടിക്കാണിച്ചായിരുന്നു അംഗങ്ങളുടെ വിമർശനം. പാർട്ടി പ്രവർത്തകൻ വിളിച്ചു ചോദിച്ചത് കേട്ടില്ലെന്ന് വെച്ചാൽ എന്തായിരുന്നു കുഴപ്പം എന്നിങ്ങനെയായിരുന്നു വിമർശനം. എം വി ഗോവിന്ദൻ പങ്കെടുത്ത കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്. വിമർശനങ്ങൾ മുഴുവൻ ക്ഷമയോടെ നിശബ്ദമായി കേട്ടിരിക്കുകയായിരുന്നു ഗോവിന്ദൻ. ആരെയും കൂടുതൽ സമയമെടുത്ത് സംസാരിക്കുന്നതിലോ വിമർശനം കടുപ്പിക്കുന്നതിലോ വിലക്കിയില്ല.
മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ പാർട്ടി വിടുമെന്ന് നേരത്തെ ചില നേതാക്കൾക്ക് അറിയാമായിരുന്നു. ഇപി ജയരാജൻ, എം വി ജയരാജൻ എന്നിവരെ സന്ദർശിച്ചു തന്റെ അതൃപ്തി വ്യക്തമാക്കിയിട്ടും തടഞ്ഞു നിർത്താൻ ഇരുവർക്കും കഴിഞ്ഞില്ല .കെ കെ രാഗേഷ് ഈ കാര്യത്തിൽ നിഷ്‌ക്രിയനായി നിന്നു. പിണറായി വിളിച്ചിരുന്നുവെങ്കിൽ താൻ പാർട്ടി വിടില്ലെന്ന് ടി കെ ഗോവിന്ദൻ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.ഇവിടെ മൊട്ടുസൂചി വീണാൽ പോലും മുഖ്യമന്ത്രിയെ അറിയിക്കുന്ന ജില്ലാ സെക്രട്ടറി എന്തേ ഈ കാര്യം അറിയിച്ചില്ലെന്ന ചോദ്യവും ചില അംഗങ്ങൾ ഉയർത്തി. അയാൾ പോകുന്നെങ്കിൽ പോകട്ടെയെന്ന നിലപാടാണ് ഈ കാര്യത്തിൽ സ്വീകരിച്ചത്. തളിപ്പറമ്പിൽ എൻ സുകന്യയുടെ പേര് കൂടി സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറിയും സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയ ലിസ്റ്റിൽ പി കെ ശ്യാമളയുടെ പേര് മാത്രമേയുണ്ടായിരുന്നുള്ളു. ഇതു പാർട്ടി അണികൾക്കിടയിൽ ആശയക്കുഴപ്പവും അതൃപ്തിയും ഉണ്ടാക്കി. മോറാഴയിലും ആന്തൂരിലും മല പട്ടത്തും ടികെ ഗോവിന്ദന് പാർട്ടി, ലോക്കൽ നേതാക്കളും ബ്രാഞ്ച് സെക്രട്ടറിമാരും വോട്ടു ചെയ്തിട്ടുണ്ട.് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കേണ്ട ഓപ്പൺ വോട്ടും എതിർ സ്ഥാനാർഥിക്ക് പോയി.
പയ്യന്നൂരിൽ ടി ഐ മധുസൂദനൻ ജയിക്കുമെന്ന് പാർട്ടി അമിതമായി വിശ്വസിച്ചു. അൻപതിനായിരത്തിന് ജയിച്ച മണ്ഡലത്തിലാണ് ഏഴായിരത്തിലേറെ വോട്ടുകൾക്ക് തോറ്റത്. ബി ജെ പി യുടെ പതിനായിരം വോട്ടു മറിച്ചുവെന്ന് വാദിച്ചാലും തോൽവിയെ ന്യായീകരിക്കാനാവില്ല. ധർമ്മടത്ത് ആറാം റൗണ്ട് വരെ പിണറായി പിന്നിലായത് നെഞ്ചിടിപ്പ് കൂട്ടിയെന്ന് ഒരംഗം ചൂണ്ടികാട്ടി. മട്ടന്നൂരും കല്യാശേരിയും അഴിക്കോടും വോട്ടുകൾ ഗണ്യമായി കുറഞ്ഞത് പരിശോധിക്കണം. കണ്ണൂർ മണ്ഡലം നഷ്ടമായി. കൂത്തുപറമ്പ് നേരിയ വ്യത്യാസത്തിനാണ് ആർജെഡി സ്ഥാനാർത്ഥി ജയിച്ചു കയറിയത് .തങ്ങളെ വിശ്വാസത്തിലെടുക്കാതെ മുൻപോട്ടു പോയ നേതൃത്വത്തെ അണികൾ തിരുത്തിയെന്ന് സെക്രട്ടേറിയറ്റ് അംഗങ്ങളിലൊരാൾ വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ തലവാചകം കടമെടുത്തു കൊണ്ട് പറഞ്ഞു. എംവി ഗോവിന്ദൻ, ഇപി ജയരാജൻ, പി കെ ശ്രീമതി , എം വി ജയരാജൻ, പി കെ ശ്രീമതി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

